മാവേലിക്കര: നാട്ടിലെ തൊഴിലെല്ലാം ചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികൾ വേണമെങ്കിലും അവരുടെ ജീവിത സാഹചര്യത്തെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. താമസിക്കാൻ വൃത്തിയുള്ള സാഹചര്യം പോലും ഇല്ലാതെയാണ് മിക്കയിടത്തും അന്യസംസ്ഥാന തൊഴിലാളികൾ ജീവിക്കുന്നത്. രാവന്തിയോളം പണിയെടുത്ത ശേഷം ഒന്ന് തലചായ്ക്കാൻ പോലും അടിസ്ഥാന സൗകര്യം ഇല്ലാതെയാണ് ഇവർ ജീവിതം മുന്നോട്ട് നയിക്കുന്നത്. ആവശ്യത്തിന് ശൗചാലയം പോലും മിക്ക സ്ഥലങ്ങളിലും ഇല്ല. ചെട്ടികുളങ്ങര പഞ്ചായത്തിൽ ഇത്തരത്തിൽ നിരവധി കേന്ദ്രങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിട്ടുണ്ട്. കടവൂർ കരിപ്പുഴ മേഖലയിൽ നൂറോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നത് എട്ടടി നീളമുള്ള ഷെഡിലാണ്. അതും ചോർന്നൊലിക്കുന്നത്. ഇവർക്ക് ഇപയോഗിക്കാൻ ആകെയുള്ളത് പൊട്ടിയൊലിക്കുന്ന ഒരു ശൗചാലയം മാത്രമാണ്. മഴക്കാലമായാൽ താമസ സ്ഥലത്ത് മാലിന്യം നിറഞ്ഞൊഴുകുന്ന അവസ്ഥയാണ്. മാലിന്യം ഒഴുകി നടക്കുന്ന സ്ഥലത്തുള്ള കിണറിൽ നിന്നാണ് കുടിവെള്ളം എടുക്കുന്നത് പോലും.
അടിസ്ഥാന സൗകര്യമില്ലാത്തിടത്ത് അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിക്കുന്നത് തദ്ദേശികളായ നാട്ടുകാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ ശൗചാലയങ്ങളിൽ നിന്ന് ഉയരുന്ന ദുർഗന്ധം കാരണം നാട്ടുകാർക്കും ജീവിതം ദുസഹമായിരിക്കുകയാണ്. ഈ മേഖലകളിൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. കക്കൂസ് മാലിന്യം നിറഞ്ഞൊഴുകുന്നതിനാൽ അടുത്തുള്ള വീടുകളിലെ കിണറുകളിലും കുടിവെള്ളം മലിനമാകുന്നുണ്ട്. കൊതുകുശല്യവും ഈ പ്രദേശങ്ങളിൽ രൂക്ഷമാണ്.
കടവൂർ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതിനെതിരെ നാട്ടുകാർ തന്നെ നിരവധി തവണ പഞ്ചായത്ത് അധികൃതർക്കും അരോഗ്യ വകുപ്പ് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതികൾ കൂടുമ്പോൾ ശൗചാലയങ്ങളോട് ചേർന്നുള്ള ഭാഗങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ വിതറുന്നതല്ലാതെ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
.......
അടിസ്ഥാന സൗകര്യങ്ങളില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിക്കുന്നത് തടയണം. ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണം.
നാട്ടുകാർ