ഹരിപ്പാട്: വീടിന്റെ ജനൽപാളി തുറന്ന് 13 ഗ്രാം സ്വർണ്ണവും 30,000 രൂപയും മോഷ്ടിച്ചെന്നു പരാതി. കരുവാറ്റ വടക്ക് സജീവ് ഭവനത്തിൽ വിശ്വനാണ് ഹരിപ്പാട് പൊലീസിൽ പരാതി നൽകിയത്.

ഇന്നലെ രാവിലെ മുറിക്കുള്ളിൽ ജനലിന്റെ അരികിൽ സൂക്ഷിച്ചിരുന്ന ബാഗ് എടുത്തപ്പോഴാണ് സ്വർണ്ണവും പണവും നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. ജനൽ പാളി ഉള്ളിൽ നിന്നു പൂട്ടിയിരുന്നില്ല. അയൽ വീടിന്റെ പുറത്തേക്കുള്ള ബൾബ് ഊരിമാറ്റിയ നിലയിലായിരുന്നു. മുറ്റത്ത് അയ താങ്ങി നിറുത്തിയിരുന്ന കൊന്നക്കമ്പ് ജനൽപാളിയിലൂടെ അകത്തേക്കിട്ടാണ് ബാഗ് എടുത്തതെന്ന് കരുതുന്നു. കമ്പ് മുറ്റത്തുതന്നെ കിടപ്പുണ്ടായിരുന്നു. പ്രദേശത്ത് മോഷണം പതിവായിട്ടും പൊലീസ് ജാഗ്രത കാട്ടുന്നില്ലെന്ന് പരാതിയുണ്ട്.