കൊടിക്കുന്നിൽ കാണിച്ചത് തറവേലയെന്നും ആരിഫ്
ആലപ്പുഴ: ദുരിതയാത്രയുടെ ആഴങ്ങൾ കണ്ടറിയാൻ എ.എം.ആരിഫ് എം.പി മെമുവിലെ യാത്രക്കാരനായി. യാത്രക്കാർക്കൊപ്പം ഇന്നലെ രാവിലെ 7.35 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട എറണാകുളം മെമുവിൽ യാത്രക്കാർക്കൊപ്പം തിരക്കിനിടയിൽ തൂങ്ങിപ്പിടിച്ചായിരുന്നു യാത്ര. ആലപ്പുഴ വിട്ടപ്പോൾ തന്നെ ട്രെയിൻ നിറഞ്ഞു. ഓരോ സ്റ്റേഷനുകളിൽ നിറുത്തിയപ്പോഴും യാത്രക്കാർ ഇടിച്ചുകയറി. പിന്നെ കാലുകുത്താൻ ഇടമില്ലാത്ത രീതിയായി. യാത്രക്കാർ സങ്കടങ്ങൾ എം.പിക്ക് മുന്നിൽ നിരത്തി. പന്ത്രണ്ട് ബോഗിയുള്ള ട്രെയിനിൽ യാത്രക്കാർക്കിടയിലൂടെ തിക്കിത്തിരക്കി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
തുറവൂരിൽ ട്രെയിൻ ക്രോസിംഗിന് വേണ്ടി പിടിച്ചിട്ടപ്പോൾ എം.പി ഫ്ളാറ്റ്ഫോമിലിറങ്ങി ഒപ്പം യാത്രക്കാരും. യാത്രക്കിടയിൽ ക്രോസിംഗിനുവേണ്ടി സമയം നഷ്ടപ്പെടുത്തുന്നതിൻെറ ദുരിത കഥയും യാത്രക്കാർ നിരത്തി. പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ മെമു വീണ്ടും നീങ്ങിത്തുടങ്ങി. എം.പിയും യാത്രക്കാരും വീണ്ടും മെമുവിൽ. അങ്ങനെ ഇടിച്ച് നിറച്ചുള്ള യാത്ര എറണാകുളം വരെ. എറണാകുളത്തെത്തിയ എം.പി റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
റെയിൽവേ ഉദ്യോഗസ്ഥർ എം.പിയോട് പറഞ്ഞത്
എറണാകുളത്ത് എത്തുന്ന മെമു 10.15 ന് തിരിച്ച് കായംകുളത്തേക്കും അവിടുന്ന് എറണാകുളത്തേക്കും തിരിച്ച് കൊല്ലത്തേക്കുമാണ് പോകുന്നത്. രാവിലെയും വൈകിട്ടുമല്ലാത്ത സമയങ്ങളിൽ തിരക്കില്ല. അധികം കോച്ച് ഉൾപ്പെടുത്തിയാൽ നഷ്ടമുണ്ടാകും. മാത്രവുമല്ല, അധികകോച്ചുകൾ അറ്റകുറ്റപ്പണി നടത്താനുള്ള സൗകര്യം എറണാകളുത്തില്ല
ചർച്ചയിലെ തീരുമാനങ്ങൾ
മെമുവിൽ ഫസ്റ്റ് ക്ളാസ് ബോഗിയിൽ ഇന്ന് മുതൽ എല്ലാവർക്കും കയറാം.
സ്ത്രീകൾക്ക് നടുക്കായി രണ്ട് കോച്ചുകൾ സ്ഥാപിക്കും
എം.പി ഉന്നയിച്ച മറ്റ് നിർദ്ദേശങ്ങൾ
നാല് ബോഗികൾ മെമുവിൽ ഉൾപ്പെടുത്തണം.
അത് കിട്ടിയില്ലെങ്കിൽ പഴയ പാസഞ്ചർ പുനഃസ്ഥാപിക്കണം.
പുതിയൊരു ട്രെയിൻകൂടി ഈ സമയത്ത് സർവീസ് നടത്തണം
തുറവൂരിലെ ക്രോസിംഗ് സമയം കുറയ്ക്കണം
''കൊടിക്കുന്നിൽ സുരേഷ് എം.പി ഇടപെട്ട് 16 കോച്ചുകൾ മെമുവിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചെന്നത് ശരിയല്ല. ഒരു ചർച്ച പോലും നടന്നിട്ടില്ല. ഞാൻ മെമു യാത്ര നടത്താൻ പോകുന്നുവെന്നറിഞ്ഞ കൊടിക്കുന്നിൽ തറവേലയാണ് കാണിച്ചത്. തടിക്കൊത്ത തലച്ചോറ് കൊടിക്കുന്നിലിനില്ലാത്തതാണ് കുഴപ്പം. റെയിൽവേയുമായി ഇന്നലെ താൻ നടത്തിയതാണ് ആദ്യ ചർച്ച.
എ.എം.ആരിഫ് എം.പി