കളർകോട് യുഡിസ്മാറ്റ് പ്രൊജക്ട് ഓഫീസിനു മുന്നിൽ പകൽ സത്യാഗ്രഹം 12,13,14 തീയതികളിൽ
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതി പുറത്ത് കൊണ്ടുവരാൻ പാലാരിവട്ടം മാതൃകയിൽ അന്വേഷണം നടത്തണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 12ന് ചേരുന്ന മന്ത്രിമാരുടെ യോഗംകൊണ്ട് കാര്യമായ ഗുണം ചെയ്യില്ല. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉന്നതതല യോഗം വിളിച്ച് പ്രശ്നപരിഹാരമുണ്ടാക്കണം. പദ്ധതി നിർവഹണത്തിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ എന്നിവരുടെ പങ്ക് പുറത്ത് കൊണ്ട് വരണം.
പദ്ധതി നടത്തിപ്പിനെക്കുറിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അവിഹിത സമ്പാദ്യത്തെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് 12,13,14 തീയതികളിൽ കളർകോട് യുഡീസ്മാറ്റ് പ്രോജക്ട് ഓഫീസിനുമുന്നിൽ അമ്പലപ്പുഴ, ആലപ്പുഴ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പകൽ സത്യാഗ്രഹം നടത്തും. വാർത്താസമ്മേളനത്തിൽ ജില്ലാ അസി. സെക്രട്ടറി പി.വി.സത്യനേശനും പങ്കെടുത്തു.