ആലപ്പുഴ : പുനർനിർമ്മാണത്തിനുള്ള പണം മുൻകൂർ നൽകിയിട്ടും കുടിവെള്ള പൈപ്പ് അറ്റകുറ്റപ്പണിക്കായി റോഡ് വെട്ടിപ്പൊളിക്കുന്നതിനുള്ള അനുമതി നൽകുന്നതിൽ കേരള റോഡ് ഫണ്ട് ബോർഡ് താമസം വരുത്തുന്നതായി ആരോപണം. തകഴിയിൽ കഴിഞ്ഞ ദിവസം പൊട്ടിയ, ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിലെ അറ്റകുറ്റപ്പണിയാണ് വൈകുന്നത്. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് പത്ത് ദിവസത്തോളമായി ആലപ്പുഴ നഗരത്തിലും എട്ട് സമീപ പഞ്ചായത്തുകളിലും കുടിവെള്ളവിതരണം മുടങ്ങിയിരിക്കുകയാണ്.
രണ്ട് ദിവസം മുമ്പാണ് കേരള റോഡ് ഫണ്ട് ബോർഡിന്റെ ആവശ്യ പ്രകാരം 16.28ലക്ഷം രൂപ യുഡിസ്മാറ്റ് പ്രോജക്ട് മാനേജർ അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. റോഡ് പുനർനിർമ്മിക്കുന്നതിനുള്ള പണം അടച്ചാലേ പൈപ്പിന്റെ അറ്റകുറ്റപ്പണിക്കായി റോഡ് വെട്ടിപ്പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകുകയുള്ളൂ. എന്നാൽ പണമടച്ച വിവരം കേരള റോഡ് ഫണ്ട് ബോർഡിനെ അറിയിച്ചിട്ടും അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്.
റോഡ് പൊളിക്കാനുള്ള അനുമതി ഇന്ന് ലഭിച്ചാലും അറ്റകുറ്റപ്പണി നടത്തി കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വേണ്ടിവരും .കുടിവെള്ളം മുടങ്ങിയതോടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സി.പി.ഐയുടെ നേതൃത്വത്തിൽ 12മുതൽ 14വരെ യുഡിസ്മാറ്റ് പ്രോജക്ട് മാനേജറുടെ ഓഫീസിനു മുന്നിൽ പകൽ സത്യാഗ്രഹവും 13ന് ഡി.സി.സിയുടെ നേതൃത്വത്തിൽ ജല അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിലേക്ക് മാർച്ചും നടക്കും. സമരങ്ങളുടെ വേലിയേറ്റം ഉണ്ടാകുമെന്ന് പ്രഖ്യാപനം വന്നിട്ടും കേരള റോഡ് ഫണ്ട് ബോർഡ് ഇന്നലെയും റോഡ് പൊളിക്കാനുള്ള അനുമതി നൽകാത്തതിൽ വ്യാപക പ്രതിഷേധമുയർന്നു.
ടാങ്കറിൽ വെള്ളവിതരണം
കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന വാർഡുകളിൽ, കൗൺസിലർമാർ ആവശ്യപ്പെടുന്ന ഭാഗങ്ങളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളവിതരണം നടത്തി. നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ ആവശ്യപ്രകാരമാണ് ജലഅതോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയർ നഗരസഭയിലും പഞ്ചായത്ത് പ്രദേശത്തും 6 ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചത്. പ്രതിദിനം 60,000ലിറ്റർ കുടിവെള്ളമാണ് വിതരണം നടത്തുന്നത്.
'' കുടിവെള്ള വിതരണം അടിയന്തരമായി പുനഃസ്ഥാപിച്ചില്ലെങ്കിൽ മന്ത്രിമാരായ ജി.സുധാകരനുംനെയും തോമസ് ഐസക്കിനെയും തെരുവിൽ തടയും
യുവമോർച്ച