ആലപ്പുഴ: സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആന്റ് സോഷ്യൽ ആക്‌ഷൻ (സിസ), ഇപാക് എന്നിവയുടെ നേതൃത്വത്തിൽ ആലപ്പുഴ ഐശ്വര്യ ആഡിറ്റോറിയത്തിൽ നടന്നു വരുന്ന ചക്കമഹോത്സവം നാളെ സമാപിക്കും. ചക്കസദ്യ കഴിക്കാനും ചക്ക വിഭവങ്ങൾ വാങ്ങാനും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്ലാവിൻ തൈകളുടെ വിപണനവുമുണ്ട്. ആറുമാസം കൊണ്ട് കായ്ക്കുന്ന ആയുർജാക്ക് പ്ലാവിൻതൈകൾക്ക് ആവശ്യക്കാർ ഏറെയാണ്. 300ൽപ്പരം ചക്ക വിഭവങ്ങൾ മാത്രമുള്ള ഫുഡ്‌കോർട്ട് മേളയുടെ പ്രത്യേകതയാണ്.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ചക്കവിഭവങ്ങളും മേളയിലുണ്ട്. ചക്കകളുടെ പ്രദർശനവുമുണ്ട്. തേൻ വരിക്ക, ചെമ്പരത്തി വരിക്ക, നാടൻ വരിക്ക, മുള്ളൻ ചക്ക, കൂഴച്ചക്ക, കൊട്ട് വരിക്ക തുടങ്ങി വ്യത്യസ്ത വലിപ്പത്തിലും രുചിയിലുമുള്ള ചക്കകളാണ് മേളയിലെ താരങ്ങൾ.