 അകലെയുള്ള വേദിയിലേക്ക് 3 കിലോമീറ്റർ ദൂരം

ഹരിപ്പാട്: ക്ഷേത്ര നഗരിയിലേക്ക് 23 വർഷത്തിനു ശേഷം വിരുന്നെത്തുന്ന ജില്ലാ കലോത്സവത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കവേ, വേദികൾ തമ്മിലുള്ള ദൈർഘ്യം മത്സരാർത്ഥികളെയും രക്ഷിതാക്കളെയുമൊക്കെ വലയ്ക്കും.

ഹരിപ്പാട് ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, മണ്ണാറശാല യു.പി സ്കൂൾ എന്നിങ്ങനെ മൂന്ന് വേദികൾ വലിയ ദൂരവ്യത്യാസം ഇല്ലാതെയുണ്ട്. എന്നാൽ നങ്ങ്യാർകുളങ്ങര ബഥനി ഹൈസ്കൂൾ, നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് ഹരിപ്പാട്ടു നിന്ന് യഥാക്രമം മൂന്ന്, രണ്ടര കിലോമീറ്റർ ദൈർഘ്യമുണ്ട്. ഒന്നിലധികം ഇനങ്ങളിൽ മത്സരിക്കുന്നവർക്കാണ് വേദികൾ തമ്മിലുള്ള ദൂരം പ്രശ്നമാകുന്നത്.

ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള സ്വകാര്യ ആഡിറ്റോറിയത്തിലാണ് മത്സരാർത്ഥികൾക്കും ഒഫിഷ്യൽസിനുമുള്ള ഭക്ഷണം ക്രമീകരിച്ചിട്ടുള്ളത്. ഇതും മറ്റ് വേദികളിലെ മത്സരാർത്ഥികൾക്ക് ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തൽ. മത്സരക്രമവും സമയവും വേദികളും നിശ്ചയിച്ചു കഴിഞ്ഞാൽ മാത്രമേ മത്സരാർത്ഥികൾക്ക് കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ.

17 വേദികളിലായി ഏഴായിരത്തോളം പ്രതിഭകളാണ് വിവിധ ഇനങ്ങളിലെ മാറ്റളക്കുന്നത്. 19 മുതൽ 22 വരെയാണ് ഹരിപ്പാട്ട് കലോത്സവം.

 ചർച്ച നടന്നു

എന്നാൽ സംഘാടകർ ഇതിനുള്ള പരിഹാര മാർഗങ്ങൾ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ തന്നെ ചർച്ച ചെയ്തിട്ടുണ്ട്. ദൂരക്കൂടുതലുള്ള വേദിയായ നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നാടകം ഉൾപ്പടെയുള്ള ഗ്രൂപ്പ് മത്സരങ്ങൾ നടത്താനാണ് തീരുമാനം. ഈ വേദികളിലേക്കുള്ള ഭക്ഷണം ഹരിപ്പാട്ടു നിന്ന് അവിടെ എത്തിച്ച് നൽകാനും തീരുമാനമായിട്ടുണ്ട്. വേദികൾ തമ്മിലുള്ള ദൂരം ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ മത്സരങ്ങൾ ക്രമപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പരാതികളില്ലാതെ നടപ്പായാൽ മാത്രം മതി!