ചേർത്തല: ഇടതു കാൽമുട്ടിന്റെ കടുത്ത വേദനയെ മറന്ന് ഭാഗ്യനാഥ് പോളിൽ കുതിച്ചുയർന്നു. തെറ്റിയില്ല ബാറിനെ മറികടന്ന് ഈ കൊച്ചുമിടുക്കൻ സ്വർണത്തിൽ മുത്തമിട്ടു. 3.10 മീറ്ററാണ് ഭാഗ്യനാഥ് ചാടിയത്. ആര്യാട് ഗവ.വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. കഷ്ടിച്ച് രണ്ടുമാസം മുൻപാണ് പരിശീലനത്തിനെത്തിയത്. അതും സുഹൃത്ത് രാഹുൽ രാജീവിന്റെ പോൾവോൾട്ട് ചാട്ടത്തിൽ ആകൃഷ്ടനായി. രാഹുൽ തന്നെയായിരുന്നു പരിശീലകനും. രാവിലെയും വൈകിട്ടും എസ്.ഡി.വി സ്കൂളിലായിരുന്നു പരിശീലനം. ഇവിടെ ബെഡില്ലാത്തതിനാൽ മണൽകൂനയിലാണ് ചാടി വീഴേണ്ടത്. രണ്ടുമാസത്തെ വീഴ്ച്ചകൊണ്ട് കാൽമുട്ടിന് കലശലായ വേദന. കാൽമുട്ടിന് തേയ്മാനമെന്ന് ഡോക്ടർമാർ. രണ്ടാഴ്ച്ച വിശ്രമവും നിർദ്ദേശിച്ചു. എന്നാൽ മേള എത്തിയതിനാൽ വിശ്രമം നടന്നില്ല. വേദനയും സഹിച്ച് ചാടി ഭാഗ്യനാഥ് വെന്നിക്കൊടി പാറിച്ചു. പരിശീലിപ്പിച്ച സുഹൃത്ത് രാഹുലിന് വിജയിക്കാനായില്ല. എന്നാൽ അതൊന്നും പ്രശ്നമല്ലെന്ന് രാഹുൽ. തന്റെ ശിഷ്യനല്ലേ വിജയിച്ചത്. അങ്ങനെ രണ്ടുപേരും ഹാപ്പി.
ആര്യാട് കൈതത്തിൽ ചിറയിൽ മധുവിന്റെയും വിജിയുടെയും മകനാണ്.സ്വാതി സഹോദരിയും.