ചേർത്തല:റവന്യു ജില്ല സ്‌കൂൾ കായികമേളയിൽ ആദ്യദിനത്തിലെ 18 ഇനങ്ങൾ പൂർത്തിയായപ്പോൾ 55 പോയിന്റോടെ ആലപ്പുഴ ഉപജില്ല മുന്നിൽ. 44 പോയിന്റോടെ ചേർത്തല രണ്ടാം സ്ഥാനത്തും 26 പോയിന്റുമായി മാവേലിക്കര മൂന്നാം സ്ഥാനത്തുമാണ്. ചേർത്തല എസ്.എൻ.കോളേജ് ഗ്രൗണ്ടിലാണ് മൂന്നു ദിവസം നീളുന്ന കായിക മേള.
11 പോയിന്റ് നേടിയ ഹരിപ്പാട് നാലാം സ്ഥാനത്താണ്. സ്‌കൂളുകളിൽ 22 പോയിന്റുമായി ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസാണ് മുന്നിൽ. 17 പോയിന്റോടെ ചാരമംഗലം ഡി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തുണ്ട്. 14 പോയിന്റ് നേടിയ മറ്റം സെന്റ് ജോൺസ് എച്ച്.എസാണ് മൂന്നാമത്. പത്ത് പോയിന്റുമായി തിരുനല്ലൂർ ഗവ. എച്ച്.എസ്.എസും എട്ട് പോയിന്റുമായി മുഹമ്മ എ.ബി വിലാസം എച്ച്.എസ്.എസും തൊട്ട് പിന്നിലുണ്ട്.ആദ്യ ദിനത്തിൽ 21 ഇനങ്ങളാണ് തീരുമാനിച്ചിരുന്നതെങ്കിലും ജൂനിയർ ഗേൾസ്,ബോയ്സ്,സീനിയർ ഗേൾസ് ഹാമർ ത്രോ മത്സരം നടന്നില്ല.അപകടം ഒഴിവാക്കുന്നതിനായാണ് സംഘാടകർ ഇത് അവസാന ദിവസത്തേയ്ക്ക് നീട്ടിവച്ചത്.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ടി.മാത്യു,കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു,മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്കുമാർ,ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ എന്നിവർ പങ്കെടുക്കും.ഇന്ന് 55 ഇനങ്ങളിലാണ് മത്സരം നടക്കുക.128 ഇനങ്ങളിലായി 2000ത്തോളം കായിക പ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്.