അമ്പലപ്പുഴ : സൗദി അറേബ്യയിൽ സ്പോൺസറുടെ പീഡനത്തനിരയായി കഴിയുന്ന യുവാവിന്റെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. രണ്ട് വർഷം മുമ്പ് ജോലി തേടി സൗദിയിലെത്തിയ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡ് കാക്കാഴം പുതുവൽ ജലാലുദീൻ - ലൈല ദമ്പതികളുടെ മകൻ അൻഷാദാണ് (27) പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ലാതെ പുറംലോകം കാണാൻ കഴിയാതെ സ്പോൺസറുടെ തടവിൽ കഴിയുന്നത്.
.2017 ഒക്ടോബർ 18നാണ് സുഹൃത്തിന്റെ ബന്ധു നൽകിയ വിസയിൽ റിയാദിലെത്തിയത്. വിസക്കായി എൺപതിനായിരം രൂപയും നൽകിയിരുന്നു. സൗദി പൗരന്റ വീട്ടിലെ മജ്ലിസിലെത്തുന്ന അതിഥികൾക്ക് ചായ നൽകുന്ന ജോലിയാണെന്ന് പറഞ്ഞാണ് റിയാദിലെത്തിച്ചതെങ്കിലും ഈ ജോലി നൽകാതെ മരുഭൂമിയിൽ കൊണ്ടുപോയി ടെന്റിൽ പാർപ്പിച്ച് ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലിയാണ് നൽകിയത്. വാഗ്ദാനം ചെയ്ത ജോലി ആവശ്യപ്പെട്ടപ്പോൾ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. റിയാദിലുള്ള സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് എംബസിയിലും മറ്റും പരാതി നൽകിയെങ്കിലും അൻഷാദിനെ നാട്ടിലെത്തിക്കാനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.ഒരാഴ്ച മുൻപ് സ്പോൺസർ ഉറങ്ങിക്കിടന്നപ്പോൾ അൻഷാദ് മൊബൈലിൽ വളഞ്ഞവഴി സ്വദേശിയായ യുവാവിനെ വിളിച്ച് തന്റെ ദുരിതം വിവരിച്ചു. കഴിഞ്ഞ ദിവസം അൻഷാദ് ഇവിടെ നിന്ന് രക്ഷപ്പെട്ട് 90 കി.മീറ്ററോളം നടന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പൊലീസുദ്യോഗസ്ഥർ സ്പോൺസറെ വിളിച്ചു വരുത്തി തിരികെ ഏൽപ്പിച്ചു. ബധിരനും മൂകനുമായ പിതാവും മാതാവും ഭാര്യയുമടങ്ങുന്ന അൻഷാദിന്റെ കുടുംബം ഇപ്പോൾ കണ്ണീരോടെ പ്രാർത്ഥനയിലാണ്. ഭാര്യ റാഷിദ ഗർഭിണിയായിരുന്നപ്പോഴാണ് അൻഷാദ് വിദേശത്തേക്ക് പോയത്.ഇപ്പോൾ 2 വയസുള്ള മകൻ ഉമറുൽ ഫറൂഖിന്റെ മുഖം കാണാനുള്ള ഭാഗ്യംപോലും അൻഷാദിന് ഉണ്ടായിട്ടില്ല. അൻഷാദിനെ അടിയന്തരമായി മോചിപ്പിച്ച് നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, മന്ത്രി ജി.സുധാകരൻ, അഡ്വ.എ.എം.ആരിഫ് എം.പി, നോർക്ക എന്നിവർക്ക് പരാതി നൽകുവാനുള്ള തീരുമാനത്തിലാണു ബന്ധുക്കൾ.