തുറവൂർ: കാറിലെത്തിയ സംഘം ലോട്ടറി വിൽപ്പനക്കാരന്റെ കൈയിൽ നിന്ന് ലോട്ടറി ടിക്കറ്റുമായി കടന്നു . പൂച്ചാക്കൽ മണിയാതൃക്കൽ കുറുംതോടത്ത് മന്മഥൻനായരുടെ പക്കൽ നിന്ന് 600 രൂപ വിലവരുന്ന ടിക്കറ്റുകളാണ് കവർന്നത്. കാൽനടയായി ലോട്ടറി വിൽപ്പന നടത്തുന്ന മൻമഥൻ നായർ ദേശീയ പാതയിൽചന്തിരൂർ ഭാഗത്തെത്തിയപ്പോൾ ലോട്ടറി എടുക്കാനെന്ന വ്യാജേന കാർ അരികിൽ നിർത്തി യുവാക്കളിലൊരാൾ കാറിനകത്തിരുന്ന് ടിക്കറ്റ് വാങ്ങി പരിശോധിച്ചു. ഇതിനിടെ മറ്റൊരു യുവാവ് മന്മഥൻ നായരുടെ ബാഗിൽ കയറിപിടിക്കുകയും കാർ പെട്ടെന്ന് ഓടിച്ചു പോകുകയുമായിരുന്നു. ബാഗിന്റെ വള്ളി കൈത്തണ്ടയിൽ ചുറ്റിയിരുന്നതിനാൽ ബാഗ് നഷ്ടമായില്ല. ലോട്ടറി നഷ്ടമായതിനെത്തുടർന്ന് മൻമഥൻ നായർ ബഹളം വച്ചെങ്കിലും സമീപത്ത് ആരുമില്ലായിരുന്നു.