shadamani

 ഒഴുക്കു നിലച്ച തോട്ടിൽ മാലിന്യ കൂമ്പാരം

ആലപ്പുഴ: നഗരഹൃദയത്തിലുള്ള ഷഡാമണി തോടും ഉപതോടുകളും മാലിന്യകേന്ദ്രങ്ങളായതോടെ സ്റ്റേഡിയം വാർഡിലെ ജനങ്ങൾ ദുരിതത്തിൽ. ഒഴുക്ക് നിലച്ചതോടെ തോട്ടിൽ അടിഞ്ഞ് കിടക്കുന്ന മാലിന്യങ്ങൾ ചീഞ്ഞളിയുകയാണ്.

തുലാമഴയിൽ തോട് കരകവിഞ്ഞതിനാൽ സമീപമുള്ള വീടുകളും വെള്ളക്കെട്ടിലാണ്. നഗരസഭ അധികൃതരെ വിവരം ധരിപ്പിച്ചിട്ടും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഗാർഹിക മാലിന്യങ്ങൾക്കൊപ്പം രാത്രിയുടെ മറവിൽ തള്ളുന്ന അറവുമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂടിയായതോടെ നഗരത്തിലെ പ്രധാന തോടുകളിൽ ഒഴുക്കു നിലച്ച അവസ്ഥയാണ്. ഇതോടെ മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ചീഞ്ഞ് പുഴുവരിക്കുന്ന അവസ്ഥയായി. ഒപ്പം രൂക്ഷ ഗന്ധവും. കൊതുകുശല്യം അസഹനീയമായി. വീടുകളിലുള്ള കുട്ടികളും വൃദ്ധരും രോഗികളുമാണ് ഏറെ വലയുന്നത്.

ഷഡാമണി തോട്ടിൽ മാലിന്യങ്ങൾ തിങ്ങി ഒഴുക്കില്ലാതായിട്ട് അഴ്ചകൾ പിന്നിട്ടു. കൈയേറ്റത്തിൽ നിന്നു തോടുകളെ സംരക്ഷിക്കുന്നതിനായി സംരക്ഷണഭിത്തി കെട്ടൽ അടക്കമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മാലിന്യനിക്ഷേപത്തിൽ നിന്നു തോടുകളെ സംരക്ഷിക്കാൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തതാണ് നിലവിലെ ശോചനീയാവസ്ഥയ്ക്കു കാരണം.

.....................................

# പകൽ പോലെ വ്യക്തം

മുമ്പ് രാത്രിയിലായിരുന്നു മാലിന്യങ്ങൾ തള്ളിയിരുന്നത്. തോട് മാലിന്യസംഭരണ കേന്ദ്രമായതോടെ ഇപ്പോൾ ഒരു മറയുമില്ലാതെയാണ് കിറ്റുകളിലും ചാക്കുകളിലുമാക്കി മാലിന്യം പകൽ നേരങ്ങളിലും തള്ളുന്നത്. പ്രദേശവാസികൾ പലതവണ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. വല്ലപ്പോഴുമൊരിക്കൽ പേരിനുവേണ്ടി നടത്തുന്ന മാലിന്യം വാരൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ് നഗരസഭയുടെ ഇടപെടൽ എന്നും നാട്ടുകാർ ആരോപിക്കുന്നു.

............................

'ഷഡാമണി തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുന്നത് ഗുരുതരമായ പ്രശ്നമാണ്. ഒരുമാസത്തിനുള്ളിൽ പരിഹാരം കാണും'

(നഗരസഭ അധികൃതർ)