paliative

 നേതൃത്വം നൽകുന്നത് ആരോഗ്യകേരളം പാലിയേറ്റീവ് കെയർ യൂണിറ്റ്

ആലപ്പുഴ: ജീവിതയാത്രയിൽ ദുരിതക്കിടക്കയിലായവർക്ക് ആശ്വാസമേകാനുള്ള 'സഹയാത്ര'യ്ക്ക് ആലപ്പുഴ നഗരസഭയിൽ തുടക്കം. സർക്കാർ, സർക്കാരിതര സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് ജില്ലയിലെ കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കുംവേണ്ടി ആരോഗ്യകേരളം പാലിയേറ്റീവ് കെയർ യൂണിറ്റ് നേതൃത്വം നൽകുന്ന പദ്ധതിയാണ് സഹയാത്ര.

വട്ടയാൽ സെന്റ് മേരീസ് സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയും മസ്‌കുലാർ ഡിസ്‌ട്രോഫി അസുഖ ബാധിതനുമായ, കുതിരപ്പന്തി വാർഡ് ചന്ദ്രശേഖരന്റെയും സിമിമോളുടെയും മകനായ വിഷ്ണുവിന്റെ വീട്ടിൽ സന്ദർശനം നടത്തി സഹയാത്ര പദ്ധതിക്ക് ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ തുടക്കം കുറിച്ചു. വിഷ്ണുവിന് ആവശ്യമായ ഇലക്ട്രോണിക് വീൽചെയറിനും ടോയ്ലറ്റിനും വേണ്ട സഹായം സഹയാത്രയിലൂടെ നൽകും. ജില്ലാ പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററിലെ ഡോക്ടർ രാജേന്ദ്രകുമാർ, പാലിയേറ്റീവ് കോ-ഓർഡിനേറ്റർ ചാർജ് എസ്.അനൂപ്, ഫിസിയോതെറാപിസ്റ്റ് ആഷിഖ് ഹൈദർ അലി, സെക്കൻഡറി പാലിയേറ്റിവ് നഴ്‌സ് അർച്ചന തുടങ്ങിയവർ ടീമിലുണ്ടായിരുന്നു. തുടർ ദിവസങ്ങളിൽ നഗരസഭയിലെ വിവിധ വാർഡുകളിലും ജില്ലയിലെ വിവിധ പഞ്ചായത്തുകളിലുമായി പാലിയേറ്റീവ് പ്രവർത്തകർ പൊതുപ്രവർത്തകരുമായി കിടപ്പു രോഗികളെ കാണും.

.........................................

ലക്ഷ്യങ്ങൾ

 വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനം

 കിടപ്പ് രോഗികൾക്കും ഭിന്നശേഷിക്കാർക്കുമുള്ള വൈദ്യസഹായം

 കിടപ്പ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും നിയമപരിരക്ഷ

 സ്വയം തൊഴിലിന് പ്രാപ്തരാക്കൽ

.........................................

പ്രവർത്തന രീതി

 പൊതു പ്രവർത്തകരെ മുൻനിറുത്തിയുളള ഗൃഹസന്ദർശനം

 മെഡിക്കൽ ക്യാമ്പുകൾ

 വിദ്യാർത്ഥികൾക്ക് പാലിയേറ്റീവ് അവബോധന ക്ലാസുകൾ

 സെമിനാറുകൾ

 സ്വയംസേവകർക്കുള്ള പരിശീലനം