അമ്പലപ്പുഴ: ദേശീയപാതയിലെ ഏറെ തിരക്കേറിയ വളഞ്ഞവഴി ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ ഇടപെടാത്തതിൽ പ്രതിഷേധം.
ചെറിയ മഴയിൽപ്പോലും ഇവിടം വെള്ളക്കെട്ടാവും. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് നടന്നു ചെല്ലാൻ കഴിയാത്ത അവസ്ഥയാണ് വെള്ളക്കെട്ടുമൂലം ഉണ്ടാകുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യാനും ബുദ്ധിമുട്ട് നേരിടുന്നു. മത്സ്യമേഖലയുമായി ബന്ധപ്പെട്ട് നിരവധി വാഹനങ്ങൾ കടന്നു പോകുന്ന തീരദേശത്തേക്കുള്ള വളഞ്ഞവഴി ബീച്ച് റോഡ് ആരംഭിക്കുന്നത് ഇവിടെയാണ്. ദേശീയപാതയിലൂടെ പോകുന്ന വലിയ വാഹനങ്ങൾക്ക് വശം കൊടുക്കവേ, ഇരുചക്ര വാഹന യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. ജംഗ്ഷനോടുള്ള അവഗണനയിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.