ആലപ്പുഴ: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനെതിരെയുള്ള എ.എം.ആരിഫ് എം.പിയുടെ പ്രസ്താവന തരംതാണതും ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ ജാള്യത മറയ്ക്കാനുമാണെന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം ആരോപിച്ചു.
ജനങ്ങളുടെ പ്രശ്നമായതിനാൽ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം എന്ന നിലയിലാണ് കൊടിക്കുന്നിൽ സുരേഷ് എം.പി റെയിൽവേ ബോർഡ് ചെയർമാനുമായി ആലപ്പുഴ- എറണാകുളം മെമു ട്രെയിനിൽ കോച്ചുകൾ കൂട്ടാൻ ഇടപെട്ടത്. അരൂരിൽ ഇടതുമുന്നണിയുടെ പരാജയത്തിന് കാരണം അടിസ്ഥാന വികസന കാര്യങ്ങളിൽ ആരിഫ് നടത്തിയ ഉദാസീനതയാണെന്ന് സി.പി.എം നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ മറച്ചു വയ്ക്കാനാണ് ആരിഫിന്റെ ശ്രമം.
ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതിക്കെതിരെ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. 13ന് ജില്ല ജലവിഭവ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിലേക്കു മാർച്ച് നടത്താൻ യോഗം തീരുമാനിച്ചു. കുട്ടനാട്ടിലെ കാർഷിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. 14നു കേന്ദ്ര വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഓഫീസിലേക്ക് മാർച്ച് നടത്താനും തീരുമാനമായി. യോഗം ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്, ട്രഷറർ ജോൺസൺ എബ്രഹാം, എ.എ.ഷുക്കൂർ, യു.ഡി.എഫ് ചെയർമാൻ എം.മുരളി, കെപി.ശ്രീകുമാർ, ഡി.സുഗതൻ, എ.കെ.രാജൻ, കോശി എം.കോശി, ഡി.വിജയകുമാർ, നെടുമുടി ഹരികുമാർ, ജി മുകുന്ദൻ പിള്ള, കറ്റാനം ഷാജി എന്നിവർ സംസാരിച്ചു