ആലപ്പുഴ: ബാബറി മസ്ജിദ് വിഷയത്തിൽ സുപ്രീംകോടതി വിധി മാനിക്കുന്നതായി മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എ.യഹിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തുടർകാര്യങ്ങൾ നേതൃത്വവുമായി ആലോചിച്ച ശേഷം പ്രതികരിക്കും. ഇതു സംബന്ധിച്ച് പാർട്ടി നേതൃയോഗം ചേരുന്നുണ്ട്. ലോകം ഇന്ത്യയെ ഉറ്റുനോക്കിയ ദിനമായിരുന്നു. ഇന്ത്യ പലതിനേയും അതിജീവിക്കാൻ പഠിച്ചിരിക്കുന്നു. വിധിയുടെ പേരിൽ ആരും പ്രകോപനം സൃഷ്ടിക്കരുത്. പരസ്പര വിശ്വാസവും സ്നേഹവും നിലനിറുത്തി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എ.ൽഎ, ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ.രാജശേഖരൻ,
മുസ്ലിംലീഗ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാൻസിസ്, സി.എം.പി ജില്ലാ സെക്രട്ടറി എ.നിസാർ, ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കമാൽ എം.മാക്കിയിൽ, ലീഗ് ജില്ലാ സെക്രട്ടറി ബി.എ. ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. ഷാഹുൽ ഹമീദ് റാവുത്തർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർകുട്ടി സ്വാഗതവും സെക്രട്ടറി അഡ്വ. എ.എ.റസാഖ് നന്ദിയും പറഞ്ഞു.