ചേർത്തല: മന്ത്രിയുടെ വാഗ്ദാനം നിറവേറ്റപ്പെട്ടില്ലെങ്കിലും കായിക മത്സര രംഗത്ത് വിജയം മാത്രം ലക്ഷ്യമാക്കി മുന്നേറുകയാണ് ആലപ്പുഴ ലിയോ തേർട്ടീന്തിലെ മഹേഷ്. ജൂനിയർ ഡിസ്‌കസിൽ 32.80 മീറ്റർ താണ്ടിയാണ് ഇത്തവണ ഒന്നാമതെത്തിയത്.

കഴിഞ്ഞവർഷം സബ് ജൂനിയർ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ സ്വർണം നേടിയപ്പോൾ മന്ത്റി തോമസ്‌ ഐസക്ക് മഹേഷിന് ഒരു വീട് വാഗ്ദാനം ചെയ്തിരുന്നു. നേപ്പാൾ സ്വദേശികളുടെ മകനാണ് മഹേഷ്. ജനിച്ച് 9-ാം മാസത്തിൽ അച്ഛനമ്മമാർ ഉപേക്ഷിച്ച് നേപ്പാളിലേക്കു പോയി. അപ്പൂപ്പൻ റാം ബഹദൂറിന്റെയും അമ്മൂമ്മ സീതയുടെയും സംരക്ഷണയിലായിരുന്നു പഠനം.

നേപ്പാളിൽ നിന്നു മൂന്നു പതി​റ്റാണ്ടു മുമ്പ് സെക്യൂരി​റ്റി ജോലിക്കായി ആലപ്പുഴയിലെത്തിയതാണ് റാം ബഹദൂറിന്റെ കുടുംബം. അപ്പൂപ്പൻ അസുഖബാധിതനായി ഡൽഹിയിൽ ചികിത്സയിലാണ്. അതിനാൽ സ്‌കൂളിന്റെ കാരുണ്യത്തിലാണ് ജീവിതം. സംസ്ഥാനത്ത് താമസ രേഖകൾ എല്ലാമായെങ്കിലും വാടക വീട്ടിലാണ് താമസം. ഹെഡ്മാസ്​റ്റർ സേവ്യർ കുട്ടിയാണ് എല്ലാ സഹായവും ചെയ്യുന്നത്. കിരൺ എബ്രഹാമാണ് പരിശീലകൻ.

മാതാപിതാക്കൾ നേപ്പാളികളാണെങ്കിലും മഹേഷ് ഇതുവരെ നേപ്പാൾ കണ്ടിട്ടില്ല. വീടിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക തടസങ്ങളാണ് നിലവിലെ പ്രശ്നം. ജില്ലാ അണ്ടർ 16 ക്രിക്ക​റ്റ് ടീമംഗം കൂടിയാണ് മഹേഷ്.