ജില്ലയിൽ മാലപൊട്ടിക്കൽ പെരുകുന്നു
ആലപ്പുഴ: വഴിയാത്രക്കാരായ സ്ത്രീകളുടെ സ്വർണ്ണമാല അപഹരിച്ച് കടന്നുകളയുന്ന സംഘങ്ങൾ വ്യാപകമായിട്ടും ഇവരെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. കഴിഞ്ഞദിവസം കലവൂരിലും പൂങ്കാവിലും രണ്ട് സ്ത്രീകളുടെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്തിരുന്നു. കൂടാതെ അമ്പലപ്പുഴയിൽ രണ്ട് സ്ഥലങ്ങളിലും മാവേലിക്കരയിലും സമാന സംഭവങ്ങളുണ്ടായി.
കഴിഞ്ഞ മാസം ജില്ലയിൽ 7 മാലമോഷണക്കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. പല കേസുകളിലും പരാതിക്കാർ ഇല്ലാത്തത് അന്വേഷണത്തിന് തടസമാവുന്നുണ്ട്. മാലമോഷണം സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്നത് അമ്പലപ്പുഴ, മാവേലിക്കര, കായംകുളം, മണ്ണഞ്ചേരി, കലവൂർ, ആലപ്പുഴ നഗരപരിധി എന്നിവിടങ്ങളിലാണ്. ചിലയിടങ്ങളിൽ പ്രതികളുടെ സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും കണ്ടെത്താനായിട്ടില്ല.
35 വയസിൽ താഴെയുള്ളവരാണ് മാലക്കള്ളൻമാരെന്ന് പൊലീസിന് ബോദ്ധ്യമായിട്ടുണ്ട്. ബൈക്കിൽ അതിവേഗമെത്തി ഞൊടിയിടയിൽ മാല പൊട്ടിച്ചെടുത്ത് കടക്കുന്നതാണ് ചില സംഘങ്ങളുടെ രീതി. ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീകളുടെ സമീപമെത്തി ബൈക്ക് നിറുത്തി വഴിചോദിക്കുന്ന മട്ടിൽ നിന്ന ശേഷം മാല പൊട്ടിച്ചെടുത്ത് കടക്കുന്നവരാണ് മറ്റൊരു സംഘം. ഹെൽമെറ്റ് ധരിച്ചെത്തുന്ന സംഘാംഗങ്ങളെ വ്യക്തമാവുകയുമില്ല. ബൈക്കുകളുടെ നമ്പർ വ്യാജവുമായിരിക്കും. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾക്ക് അടിമകളായ യുവാക്കളാണ് ഇത്തരം കവർച്ചകളിൽ ഭൂരിഭാഗവും എന്നാണ് പൊലീസ് കരുതുന്നത്.
.....................................
'ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഭവങ്ങൾ പതിവായതോടെ തിരക്കുള്ള സമയങ്ങളിലും വൈകിട്ടും നിരീക്ഷണം ശക്തമാക്കും. സി.സി ടി.വി, സൈബർസെൽ സഹായത്തോടെ അന്വേഷണം നടക്കുന്നുണ്ട്. പിടിയിലാവുന്നവരിൽ ഏറെയും യുവാക്കളാണ്'
(പൊലീസ് അധികൃതർ)