മാവേലിക്കര: ഇടിമിന്നലിന്റെ അകമ്പടിയോടെ എത്തിയ ശക്തമായ മഴയിൽ മാവേലിക്കര ഇരുട്ടിലായി. ഇന്നലെ വൈകിട്ട് മൂന്നോടെ ആരംഭിച്ച മഴയാണ് കുഴപ്പമുണ്ടാക്കിയത്.
തഴക്കര കല്ലിമേൽ പ്രദേശത്തു മിന്നലിൽ വീടുകളിലെ വൈദ്യുത ഉപകരണങ്ങൾക്കു നാശം സംഭവിച്ചു. കല്ലിമേൽ കുറ്റിയിൽ അച്ചൻകുഞ്ഞ്, പുതിയിടത്ത് സണ്ണി എന്നിവരുടെ വീടുകളിലെ വൈദ്യുതി മീറ്റർ പൊട്ടിത്തെറിച്ചു. മേഖലയിൽ വൈദ്യുതി വിതരണം പൂർണമായി തടസപ്പെട്ടു. 11 കെ.വി വൈദ്യുതി ലൈനിലെ തകരാറിനെ തുടർന്നാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. ചെറിയൊരു മഴ പെയ്താൽ തന്നെ മാവേലിക്കര നഗരത്തിൽ വൈദ്യുതി വിതരണം തടസപ്പെടുന്നതു പതിവാണ്.