photo

ചേർത്തല: പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകി കൂടുതൽ ജനകീയ പഞ്ചായത്താവുകയാണ് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്. ഡിസംബർ രണ്ടു മുതൽ പഞ്ചായത്ത് സംസ്ഥാനത്തെ ആദ്യ പേപ്പർ രഹിത പഞ്ചായത്താകും.

അതിനൊപ്പം ഏകജാലക സംവിധാനത്തിലൂടെ ബിൽഡിംഗ് പെർമി​റ്റ്, ജനന മരണ രജസ്‌ട്രേഷൻ, ലൈസൻസുകൾ തുടങ്ങിയവ അപേക്ഷിക്കുന്ന ദിവസം തന്നെ ലഭ്യമാക്കി സംസ്ഥാനത്തെ തന്നെ മാതൃക പഞ്ചായത്തായി തണ്ണീർമുക്കം മാറും. ജില്ലയിലെ ജോലിഭാരം ഏറെയുള്ള പഞ്ചായത്തുകളിൽ ഒന്നാണ് തണ്ണീർമുക്കം.ഭരണ സമിതിയുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് 23 വാർഡുകളിലായി അൻപതിനായിരത്തിന് മേൽ ജനസംഖ്യയുള്ള പഞ്ചായത്ത് അപൂർവ നേട്ടം കൈവരിക്കാനൊരുങ്ങുന്നത്.

ഐ.എസ്.ഒ പ്രഖ്യാപന സമ്മേളനത്തിൽ ഭരണസമിതിക്ക് വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസാണ് പേപ്പർ രഹിത എകജാലക പദ്ധതി പ്രഖ്യാപിച്ചത്.പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ മന്ത്റി പി.തിലോത്തമൻ ഐ.എസ്.ഒ പ്രഖ്യാപനം നടത്തി. പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. മുഴുവൻ ജീവനക്കാരെയും എ.എം.ആരിഫ് എം.പി ആദരിച്ചു. ജനപ്രതിനിധികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധുവിനു, ജയാമണി,രേഷ്മ രംഗനാഥ്,രമാ മദനൻ,സുധർമ്മ സന്തോഷ്, ബിനിത മനോജ്, കെ.ജെ.സെബാസ്റ്റ്യൻ, സനൽ നാഥ്,സാനു സുധീന്ദ്രൻ,രമേഷ് ബാബു,സെക്രട്ടറി പി.സി.സേവ്യർ, സി.ഡി.എസ് പ്രസിഡന്റ് ശ്രീജാ ഷിബു എന്നിവർ സംസാരിച്ചു.