നബിദിന ഘോഷയാത്രകൾക്ക് ക്ഷേത്രങ്ങളിൽ സ്വീകരണം
മാന്നാർ: മാന്നാറിന്റെ മതസാഹോദര്യം നബിദിന ഘോഷയാത്രയിൽ തിളങ്ങിനിന്നു. ഇന്നലെ വൈകിട്ട് നാലിനു മാന്നാർ പുത്തൻ പള്ളിയിൽ നിന്നാരംഭിച്ച നബിദിന റാലിക്ക് മാന്നാർ കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിൽ ക്ഷേത്ര ഭരണ സമിതിയുടെയും മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്ര ജംഗ്ഷനിൽ തൃക്കുരട്ടി ക്ഷേത്രോപദേശക സമിതിയുടെയും മഹാദേവ സേവാ സമിതിയുടെയും നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.
പുത്തൻപള്ളിയിൽ നിന്നാരംഭിച്ച നബിദിന ഘോഷയാത്ര ദഫ് മുട്ട്, കോൽക്കളി എന്നിവയുടെ അകമ്പടിയോടെ പന്നായി കടവിലെത്തി തിരികെ തൃക്കുരട്ടി മഹാദേവ ക്ഷേത്ര ജംഗ്ഷനിൽ തൃക്കുരട്ടി ക്ഷേത്രോപദേശക സമിതിയുടെയും കുരട്ടിശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിൽ ക്ഷേത്ര ഭരണസമിതിയുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ബിജു ചിറ്റക്കാട്ട്, കലാധരൻ കൈലാസം, മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ, ശിവപ്രസാദ്, ബിന്ദുപ്രസാദ്, അനിരുദ്ധൻ, സുമേഷ് കുമാർ എന്നിവർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ സ്വീകരണങ്ങൾക്ക് നേതൃത്വം നൽകി.
കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിൽ ക്ഷേത്രം ഭരണ സമിതിയംഗങ്ങളായ സജി കുട്ടപ്പൻ, പ്രശാന്ത്, പ്രഭകുമാർ, ഗിരീഷ് കുമാർ, രാജേന്ദ്രൻ, ശിവൻ പിള്ള എന്നിവർ ചേർന്നു നബിദിന റാലിയെ സ്വീകരിച്ചു. ക്ഷേത്രനടകളിൽ നിലവിളക്കുകളും, മൺചെരാതുകളിൽ ദീപങ്ങൾ തെളിച്ചും വാദ്യമേളങ്ങളുടെ അകമ്പടിയോടെയും ആയിരുന്നു സ്വീകരണം. ബൊക്കെ നൽകിയും ഷാൾ അണിയിച്ചുമാണു ജമാഅത്ത് ഭാരവാഹികളെ സ്വീകരിച്ചത്. മാന്നാർ പുത്തൻപള്ളി ചീഫ് ഇമാം എം.എ. മുഹമ്മദ് ഫൈസി, ഹാജി ടി. ഇഖ്ബാൽ കുഞ്ഞ്, എൻ.എ. റഷീദ്, എ.എ. കലാം, കെ.എ. സലാം, ഹാജി വി.കെ. ശംസുദ്ദീൻ, മാന്നാർ അബ്ദുൾ ലത്തീഫ്, നിയാസ് ഇസ്മയിൽ, എൻ.ജെ. നവാസ്, നൗഷാദ്, അനീഷ് എന്നിവർ നബിദിന റാലിക്ക് നേതൃത്വം നൽകി.