 കർഷകരെ ബാങ്കുകൾ അവഗണിക്കുന്നു

ആലപ്പുഴ: കഴിഞ്ഞ കൃഷി സീസണിൽ കർഷകരിൽ നിന്ന് സപ്ളൈകോ സംഭരിച്ച നെല്ലിന്റെ വിലയായി നൽകിയ പി.ആർ.എസ് പ്രകാരം (പാഡി റെസീപ്റ്റ് ഷീറ്റ്സ്) ബാങ്കുകൾ വിതരണം ചെയ്ത തുകയായ 1400 കോടി രൂപ സപ്ളൈകോ തിരിച്ചടയ്ക്കാത്തതിനാൽ രണ്ടാംകൃഷിയിൽ സംഭരിച്ച നെല്ലിന്റെ വില മുടങ്ങുന്നു. കിലോയ്ക്ക് 26 രൂപ നിരക്കിൽ 15.02 രൂപയാണ് ഇത്തവണ ഇതുവരെ കർഷകർക്ക് നൽകാനുള്ളത്.

ബാങ്കുകൾ ഉടക്കിയതിനെത്തുടർന്ന് സംസ്ഥാന വിഹിതമായി 250 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് കാലവധിക്കുള്ളിൽ പി.ആർ.എസ് വായ്പ ബാങ്കുകളിൽ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നത്. സപ്ളൈകോ സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കി റേഷൻ കടകളിൽ എത്തിച്ച്, കാർഡുടമകൾ വിരലടയാളം പതിച്ച് റേഷൻ വാങ്ങിയാൽ മാത്രമേ കേന്ദ്ര വിഹിതം ലഭിക്കുകയുള്ളൂ. ഉപഭോക്താക്കൾ അരി വാങ്ങുന്നതിന്റെ അളവ് കുറഞ്ഞാൽ അത് അനുസരിച്ചുള്ള തുകയായിരിക്കും കേന്ദ്രവിഹിതമായി ലഭിക്കുക. ഇതും പി.ആർ.എസ് വായ്പ തിരിച്ചടവിൽ തിരിച്ചടിയായി.

പ്രളയവും മഴക്കെടുതിയും കടന്ന് വിളവിറക്കിയ കർഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് പി.ആർ.എസ് വിഷയം. കടംവാങ്ങിയും സ്വർണ്ണം പണയംവച്ചുമാണ് പലരും രംഗത്തിറങ്ങിയത്. തുക ലഭിച്ചില്ലെങ്കിൽ വീണ്ടും കാര്യങ്ങൾ പ്രതിസന്ധിയിലേക്ക് നീങ്ങും. നിലവിലെ രണ്ടാംകൃഷിയിൽ കുട്ടനാട്ടിലെ മിക്ക പാടത്തും നെല്ല് നിലം പൊത്തിയ അവസ്ഥയിലാണ്. പ്രതീക്ഷിച്ച വിളവിൽ 50 ശതമാനത്തോളം നഷ്ടമാണ് കർഷകർ കണക്കുകൂട്ടുന്നത്.

 ലക്ഷ്യം 1.75 ലക്ഷം മെട്രിക് ടൺ

രണ്ടാം കൃഷിയിൽ പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്ന് 1.75 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 75 ശതമാനവും പാലക്കാട് ജില്ലയിൽ നിന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ വരെ ആലപ്പുഴയിൽ നിന്ന് 57,780 മെട്രിക് ടൺ നെല്ല് സംഭരിച്ചു.

 നിരാശ മാത്രം

കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകാത്ത സാഹചര്യത്തിൽ, ഇത്തവണ സംഭരിച്ച നെല്ലിന്റെ പി.ആർ.എസ് രസീതുമായി ബാങ്കിൽ എത്തുന്ന കർഷകർ നിരാശയോടെയാണ് മടങ്ങുന്നത്. സപ്ളൈകോയുടെ പി.ആർ.എസ് വായ്പാ രസീതുകളുടെ കണക്കു പ്രകാരം 40,000 കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചിട്ടുണ്ട്.

 കടക്കെണിയിൽ

കുട്ടനാട്ടിലെ നെൽകർഷകർ ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഭീമമായ പലിശ നിരക്കിലാണ് വായ്പയെടുത്ത് കൃഷി ഇറക്കിയത്. കൃത്യസമയത്ത് ലോൺ തുക അടച്ചില്ലെങ്കിൽ കർഷകർ വലിയ പലിശ നൽകേണ്ടി വരും. നെല്ലു വില കൊണ്ട് കടം വീട്ടാമെന്നു കരുതിയവർക്കാണ് തിരിച്ചടി ഉണ്ടാവുന്നത്.

..................................

'ബാങ്കുകൾക്ക് നൽകാനുള്ള 1400 കോടിയിൽ സംസ്ഥാന സർക്കാർ വിഹിതം കഴിഞ്ഞുള്ള മുഴുവൻ തുകയും റേഷൻ വിഹിതമായി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളതാണ്'

(സപ്ളൈകോ അധികൃതർ)

......................................

'സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കൂടിയ പലിശയ്ക്ക് വായ്പയെടുത്ത തുക തിരിച്ചടയ്ക്കാൻ നെൽവില അടിയന്തരമായി നൽകണം. കാലതാമസം നേരിട്ടാൽ കാർഷിക വായ്പയിൽ എടുത്ത ലോണുകൾക്ക് അധികം പലിശ നൽകേണ്ടിവരും'

(കർഷകർ)