ആലപ്പുഴ: അയ്യപ്പൻമാർക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കാൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ജനഹാർ ഭക്ഷണശാല ഉടൻ ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഒരു ഫുട്ട് ഓവർബ്രിഡ്ജ് കൂടി നിർമ്മിക്കും രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിലെ പ്ലാറ്റ്‌ഫോം ഷെൽട്ടറുകളുടെ മേൽക്കൂര മാറ്റി പുതിയവ സ്ഥാപിക്കും. ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും.
സ്റ്റേഷൻ ടെർമിനലിനകത്ത് സ്ഥിതി ചെയ്യുന്ന ടിക്കറ്റ് ബുക്കിംഗ് ഓഫീസിന് പ്രത്യേകം ബ്ലോക്ക് പണിയും. പോർട്ടബിൾ യു.ബി.എസ് ടിക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്തും. ഒന്നാം പ്ലാറ്റ്‌ഫോമിൽ പുതിയ ടിക്കറ്റ് കോംപ്ലക്സ് സ്ഥാപിക്കും. എ.സി വെയിറ്റിംഗ് ഹാൾ ഈ മാസം അവസാനം പൂർത്തിയാകും. വി.ഐ.പി ലോഞ്ചിനുള്ള സൗകര്യം ഏർപ്പെടുത്തും. കൂടുതൽ കുടിവെള്ള ടാപ്പുകൾ, പ്രത്യേകതരം കസേരകൾ എന്നിവ സ്ഥാപിക്കും. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന തരത്തിൽ പുതിയ കവാടങ്ങൾ നിർമ്മിക്കും.
തീർത്ഥാടകർക്കായി 5 ഭാഷകളിലുള്ള അനൗൺസ്‌മെന്റ് നടത്തും. സ്‌പെഷ്യൽ ട്രെയിനുകൾ കൂടാതെ ദീർഘദൂര ട്രെയിനുകൾക്ക് ചെങ്ങന്നൂരിൽ സ്റ്റോപ്പിന്റെ സമയം കൂട്ടി നൽകും.