ആലപ്പുഴ: ഡിസംബറിൽ നടക്കുന്ന കയർ കേരള 2019ന് സോഷ്യൽ മീഡിയ വഴി ഏറ്റവും മികച്ച പ്രചാരണം നൽകുന്നവർക്ക് അവാർഡ് നൽകും. വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ, കമ്പനികൾ, വ്യക്തികൾ തുടങ്ങിയവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരു ഇവന്റുമായി ബന്ധപ്പെട്ട് ആദ്യമായാണ് സോഷ്യൽ മീഡിയ അവാർഡ് ഏർപ്പെടുത്തുന്നത്.

പോസ്റ്റ്, വീഡിയോ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് അവാർഡ് നൽകുക. സാമൂഹ്യ മാദ്ധ്യമങ്ങളുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിച്ചുവേണം പ്രചാരണപ്രവർത്തനങ്ങൾ നടത്തേണ്ടത്. കയർ കേരളയ്ക്ക് ഏറ്റവുമധികം പ്രചാരണം നൽകുകയും സർഗാത്മകമായി പ്രചാരണ പ്രവർത്തനങ്ങൾക്ക് കണ്ടന്റ് തയാറാക്കി ഉപയോഗിക്കുകയും ചെയ്യുന്നവരെയാണ് അവാർഡിന് പരിഗണിക്കുക.

ഇതിനായി രജിസ്റ്റർ ചെയ്യുന്നവരെ കയർ കേരളയുടെ സോഷ്യൽ മീഡിയ പാർട്ണർമാരാക്കും. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻപേർക്കും സർട്ടിഫിക്കറ്റ് നൽകും. ഏറ്റവും മികച്ച രീതിയിൽ പ്രചാരണം നൽകുന്ന 15 പേരെ കയർ കേരളയുടെ സമാപന സമ്മേളനത്തിൽ ആദരിക്കും. സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമായവരുടെ സംഗമം 16ന് വൈകിട്ട് 5 ന് പമേര ഹോട്ടലിൽ നടക്കും. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും: 7994327527, 9947277992, 9633105727.