ചാരുംമൂട് : സർക്കാർ സർവീസിൽ ഇരുപതോളം തസ്തികകളിൽ നിയമനം ലഭിച്ചപ്പോഴും മഞ്ജു കാത്തു വച്ചൊരു സ്വപ്നമുണ്ടായിരുന്നു. എസ്.ഐ ആവുകയെന്നത്. ആ സ്വപ്നത്തിന്റെ പൂർത്തീകരണമായിരുന്നു ഇന്നലെ. കേരള പൊലീസിൽ എസ്.ഐ
പരിശീലനം പൂർത്തിയാക്കിയ മഞ്ജുവിന്റെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തപ്പോൾ അമ്മയുടെയും അച്ഛന്റെയും കണ്ണിൽ നിന്ന് ആനന്ദക്കണ്ണീർ പൊഴിഞ്ഞു. താമരക്കുളം വേടര പ്ലാവിൽ കൊട്ടാരം വീട്ടിൽ വാസുദേവൻ നായരുടെയും ഇന്ദിരയുടെയും മകളാണ് മഞ്ജു വി നായർ. വളരെ പ്രയാസം നിറഞ്ഞ ജീവിത സാഹചര്യത്തിൽ നിന്ന് പഠിച്ച് വളർന്ന മഞ്ജുവിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു പൊലീസ് യൂണിഫോം അണിയുകയെന്നത്. രസതന്ത്രത്തിൽ ബിരുദാനന്തരബിരുദവും, ബി.എഡും പാസായ മഞ്ജു സെറ്റ് യോഗ്യതയും നേടിയിരുന്നു. .ഇന്ത്യൻ റെയിൽവേ, നഗരസഭയിൽ ക്ലർക്ക് തുടങ്ങിയ ജോലികൾ ചെയ്തെങ്കിലും എസ്. ഐ സെലക്‌ഷൻ കിട്ടാനുള്ള പരിശ്രമം തുടർന്നു.ഇളയമകൾ ലക്ഷ്മിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് പൊലീസ് അക്കാദമിയിൽ പരിശീലനത്തിന് പ്രവേശിച്ചത്. മൂത്തമകൾ കല്യാണിയും ഭർത്താവ് ജയകുമാറും മഞ്ജുവിന് താങ്ങും തണലുമായി നിന്നു.
അച്ഛന് പെട്ടിക്കടയിൽ നിന്ന് ലഭിച്ചിരുന്ന വരുമാനവും അമ്മ കശുഅണ്ടി ഫാക്ടറിയിൽ ജോലിക്ക് പോയി കിട്ടിയിരുന്ന കൂലിയും ചേർത്തുവച്ചാണ് മഞ്ജുവിനെയും സഹോദരി അഞ്ജുവിനെയും പഠിപ്പിച്ചത്. ചെറുപ്പം മുതൽ അച്ഛനും അമ്മയും നൽകിയ പിന്തുണയാണ് തന്റെ ജീവിത വിജയത്തിന്റെ കാരണമെന്ന് മഞ്ജു പറയുന്നു.