സ്കൂളുകളിൽ ലിയോതേർട്ടീന്തിന് കിരീടം

ചേർത്തല:എസ്.എൻ കോളേജ് ഗ്രൗണ്ടിൽ മൂന്ന് ദിവസമായി നടന്ന റവന്യൂ ജില്ലാ കായികമേളയിൽ ആലപ്പുഴ ഉപജില്ല ജേതാക്കളായി. 292 പോയിന്റ് നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. ആലപ്പുഴയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.

246 പോയിന്റ് നേടി ചേർത്തലയാണ് രണ്ടാം സ്ഥാനത്ത്.119 പോയിന്റോടെ മാവേലിക്കര മൂന്നാം സ്ഥാനത്തും 84 പോയിന്റ് നേടി കായംകുളം നാലാമതും എത്തി. 39 പോയിന്റോടെ തുറവൂർ അഞ്ചാം സ്ഥാനത്തും 23 പോയിന്റോടെ ഹരിപ്പാട് ആറാം സ്ഥാനത്തുമാണ്.5 പോയിന്റ് നേടിയ ചെങ്ങന്നൂർ ഉപജില്ലയാണ് ഏറ്റവും പിന്നിൽ.സ്‌കൂളുകളുടെ വിഭാഗത്തിൽ ഡിവി.എച്ച്.എസ് ചാരമംഗലത്തിന്റെ വർഷങ്ങളായുള്ള മേധാവിത്വം തകർത്ത് 87 പോയിന്റ് നേടി ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂൾ മുന്നിലെത്തി. ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ് 58 പോയിന്റോടെ രണ്ടാം സ്ഥാനത്തും കായംകുളം പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസ് 50 പോയിന്റോടെ മൂന്നാം സ്ഥാനത്തും മാവേലിക്കര മ​റ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ് 49 പോയിന്റോടെ നാലാം സ്ഥാനത്തും 40 പോയിന്റ് നേടിയ മുഹമ്മ എ.ബി.വി.എച്ച്.എസ്.എസ് അഞ്ചാം സ്ഥാനത്തും എത്തി.വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ കെ.ടി. മാത്യു സമ്മാനദാനം നിർവഹിച്ചു.

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ് കുമാർ അദ്ധ്യക്ഷനായി.വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ.കുമാർ,ആലപ്പുഴ എ.ഇ.ഒ സുരേഷ് ബാബു,കെ.കെ.പ്രതാപൻ,വി.ബിജുമോൻ,എസ്.സുജീഷ് എന്നിവർ സംസാരിച്ചു.