ആലപ്പുഴ: കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിതലത്തിൽ നടന്ന യോഗത്തിൽ അഴിമതിക്കാർക്കെതിരെ നടപടികൾ ശുപാർശ ചെയ്യാതിരുന്നത് ഖേദകരമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. ഇരുന്നൂറ് കോടിയിലധികം രൂപ ചെലവഴിച്ചിട്ടും കുടിവെള്ളം ലഭിക്കാത്ത പദ്ധതിയുടെ തകർച്ചയ്ക്കും 43 തവണ പൈപ്പ് പൊട്ടുകയും ചെയ്തതിന് ഉത്തരവാദികൾ ആരെന്ന് വ്യക്തമാക്കുവാനുള്ള ബാദ്ധ്യത മന്ത്രിമാർക്കുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഇന്ന് മുതൽ മൂന്ന് ദിവസം കളർകോടുള്ള യൂഡിസ്മാറ്റ് ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്തുമെന്ന് ആഞ്ചലോസ് അറിയിച്ചു.