മാവേലിക്കര : പൊലീസിനെ വെട്ടിച്ചു കടന്ന ശേഷം പിടിയിലായ, തിരുവനന്തപുരം റേഡിയോ ജോക്കി കേസിലെ പ്രതി കായംകുളം ദേശത്തിനകം കളത്തിൽ വി.അപ്പുണ്ണി (33) ഉൾപ്പെടെ 3 പേരെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. അപ്പുണ്ണിയേയും രക്ഷപ്പെടാൻ സഹായിച്ച കായംകുളം എരുവ കോട്ടയിൽ ഫിറോസ് ഖാൻ (ഷിനു–29), പള്ളിക്കൽ മഞ്ഞാടിത്തറ ബിസ്മിന മൻസിൽ ബുനാഷ് ഖാൻ (അച്ചു–25) എന്നിവരെയും കസ്റ്റഡിയിൽ ലഭിക്കുന്നതിനാണു അപേക്ഷ നൽകിയത്.
കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയെന്നും 3 പേരെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യം ചെയ്യുമെന്നും സി..ഐ പി.ശ്രീകുമാർ പറഞ്ഞു. കഴിഞ്ഞ 1ന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നു ആലപ്പുഴ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ മാവേലിക്കരയിൽ വച്ചാണ് അപ്പുണ്ണി പൊലീസിനെ വെട്ടിച്ചു കടന്നത്. കഴിഞ്ഞ 9ന് കൊച്ചി കാക്കനാട് ചെമ്പുമുക്ക് പുളിക്കില്ലം റോഡിലെ വീട്ടിൽ നിന്നു അപ്പുണ്ണിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു രക്ഷപ്പെടാൻ സഹായിച്ചവരുടെ പേരുകളും മാവേലിക്കരയിലെ ഒരു ഗുണ്ടാനേതാവിനെ കൊലപ്പെടുത്താൻ തീരുമാനിച്ച കാര്യവും വെളിപ്പെടുത്തിയത്. തുടർന്ന് മാവേലിക്കര പൊലീസ് അപ്പുണ്ണിയെ രക്ഷപ്പെടാൻ സഹായിച്ച 5 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.