photo

ചേർത്തല:റവന്യൂ ജില്ലാ കായിക മേളയിൽ പത്ത് താരങ്ങൾ വ്യക്തിഗത ചാമ്പ്യൻമാരായി.സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസിലെ എസ്.സൂര്യദേവും,മ​റ്റം സെന്റ് ജോൺസ് എച്ച്.എസ്.എസിലെ ആർ.അഖിലും ചാമ്പ്യൻഷിപ്പ് നേടി.100, 200 മീ​റ്റർ ഓട്ടമത്സരത്തിൽ ഒന്നാമതെത്തി സൂര്യദേവ് ചാമ്പ്യനായി. ഷോട്ട്പുട്ട്,ഡിസ്‌കസ് ത്രോഇനങ്ങളിലെ മികച്ച പ്രകടനമാണ് അഖിലിനെ ചാമ്പ്യനാക്കിയത്. ജൂനിയർ വിഭാഗത്തിൽ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസിലെ വി.ടി.അമിത് ഹൈജംമ്പ്,ലോംഗ് ജംമ്പ്,ട്രിപ്പിൾ ജംമ്പ് എന്നിവയിൽ വിജയിച്ചാണ് ചാമ്പ്യനായത്.ആലപ്പുഴ വടക്കൻപറമ്പ് പി.വി.തോമസ്,ആലീസ് ദമ്പതികളുടെ മകനാണ്.സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒരേ ക്ലാസിലെ വിദ്യാർത്ഥികളും സുഹൃത്തുക്കളുമായ എസ്.അമൽ,ആർ.ഹരിശങ്കർ എന്നിവരാണ് ചാമ്പ്യൻ പട്ടം പങ്കിട്ടത്.ഇരുവരും മാവേലിക്കര ബി.എച്ച്.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥികളാണ്. ഹരിശങ്കർ 100, 200, 400 മീ​റ്റർ ഓട്ടമത്സരത്തിൽ ഒന്നാമതെത്തി.കഴിഞ്ഞ തവണയും ചാമ്പ്യനായിരുന്നു.ആലപ്പുഴ ചന്ദ്രവിലാസത്തിൽ ആട്ടോ ഡ്രൈവറായ രാജേഷിന്റെയും രജനിയുടെയും മകനാണ്.അമൽ ഹൈജംമ്പ്,ലോംഗ്ജംമ്പ്,ട്രിപ്പിൾ ജംമ്പ് എന്നീ ഇനങ്ങളിലാണ് വിജയം നേടിയത്.ചെട്ടികുളങ്ങര ദേവീസദനത്തിൽ ശ്രീകുമാർ - മിനി ദമ്പതികളുടെ മകനാണ്.സിനു തങ്കച്ചന്റെ പരിശീലത്തിലാണ് ഇരുവരും വിജയം നേടിയത്.ഇതേ വിഭാഗത്തിൽ പ്രയാർ ആർ.വി.എസ്.എം.എച്ച്.എസ്.എസിലെ സിനാൻ എം.ഹാഷിം 1500, 3000, 800 മീ. ഓട്ടമത്സരത്തിൽ ജേതാവായി ചാമ്പ്യൻഷിപ്പ് പങ്കിട്ടു.സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ വി.എ.സോന ലോംഗ് ജംമ്പ്,100, 200 മീ​റ്റർ ഓട്ടം എന്നിവയിൽ ഒന്നാം സ്ഥാനം നേടി ചാമ്പ്യനായി.എ.ബി.വി.എച്ച്.എസ്.എസിലെ എസ്.സായൂജ്യയാണ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയിയായത്.100, 200, 400 മീ. ഓട്ടമത്സരത്തിലാണ് സായൂജ്യയുടെ വിജയം.സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുനെല്ലൂർ ജി.എച്ച്.എസ്.എസിലെ എസ്.ആരതിയും ഗവ. ഡി.വി.എച്ച്.എസ്.എസിലെ എ.എൽ.മഹിതാമോളും കിരീടം പങ്കിട്ടു.ആരതി ഡിസ്‌കസ് ത്രോ,ഷോട്ട് പുട്ട്,ജാവലിൻ ത്രോ എന്നിവയിൽ ഒന്നാമതെത്തിയാണ് ചാമ്പ്യനായത്. മഹിതാമോൾ 100, 200 മീ. ഓട്ടമത്സരം 100 മീറ്റർഹഡിൽസ് എന്നിവയിൽ വിജയിച്ചാണ് ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കിയത്.