വൈക്കം: പതിവുപോലെ വൈക്കത്തഷ്ടമിയുടെ മൂന്നാം ഉത്സവദിവസം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും വൈക്കത്തപ്പന് മുന്നിൽ ശർക്കരകൊണ്ട് തുലാഭാരം നടത്തി. എസ്.എൻ.ഡി.പി. യോഗം വൈക്കം യൂണിയന്റെ അഹസ്സായാണ് മൂന്നാം ഉത്സവം ആഘോഷിക്കുന്നത്. 16 വർഷമായി ഈ പ്രാർത്ഥനയും വഴിപാടും മുടക്കം കൂടാതെ വെള്ളാപ്പള്ളി കുടുംബം നടത്തുന്നുണ്ട്. ഇന്നലെ രാവിലെ വ്യാഘ്രപാതൻ ആൽത്തറയ്ക്കു മുന്നിൽ പ്രാർത്ഥിച്ച ശേഷം ശ്രീകോവിൽ നടയിൽ വഴിപാടു നടത്തി. തുടർന്ന് ആനക്കൊട്ടിലിൽ തുലാഭാരം . തുലാഭാരത്തിനെത്തിയ വെള്ളാപ്പള്ളി നടേശനെയും ഭാര്യ പ്രീതി നടേശനെയും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡി. ജയകുമാർ, അസി. കമ്മിഷണർ ജി. ജി. മധു, ഹെഡ് അക്കൗണ്ടന്റ് അശോക പിഷാരടി, എസ്.എൻ.ഡി.പി. യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ്, സെക്രട്ടറി എം. പി. സെൻ, യോഗം അസി. സെക്രട്ടറി പി. പി. സന്തോഷ്, കെ. ടി. അനിൽകുമാർ, എസ്. ഡി. സുരേഷ്ബാബു, രാജേഷ് മോഹൻ, കെ. വി. പ്രസന്നൻ എന്നിവർ സ്വീകരിച്ചു.