എസ്.എൻ.ട്രസ്റ്റ് ഗ്രൗണ്ട് നൽകിയത് വാടക വാങ്ങാതെ
ചേർത്തല:ചുരുങ്ങിയ സമയത്തിനിടെ ലഭിച്ച അവസരം പരാതിക്കിടയില്ലാതെ നിർവഹിച്ചതിന്റെ ചാരുതാർത്ഥ്യത്തിലാണ് സ്കൂൾ കായികമേള സംഘാടകർ.ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന റവന്യു ജില്ലാ കായികമേള അവസാന നിമിഷമാണ് എസ്.എൻ.കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റിയത്.വെള്ളി,ശനി,ഞായർ ദിവസങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നതെങ്കിലും നബിദിനത്തോട് അനുബന്ധിച്ച് ഞായറാഴ്ചയിലെ മത്സരം തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.ഗ്രൗണ്ടിനോട് ചേർന്നുള്ള സ്‌കൂളിന്റെയും കോളേജിന്റെയും പ്രവർത്തനത്തെ ബാധിക്കാതെയാണ് മത്സരങ്ങൾ പൂർത്തിയാക്കിയത്.മുൻകാലങ്ങളിൽ സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ട് വാടകയ്‌ക്കെടുത്താണ് മേള നടത്തിയിരുന്നത്. ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി നടപടികൾ ആരംഭിച്ചതോടെയാണ് മേള നടത്തിപ്പിനായി പുതിയ ഇടം കണ്ടെത്തേണ്ടി വന്നത്.സംഘാടകരുടെ അഭ്യർത്ഥന മാനിച്ച് എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എസ്.എൻ.കോളേജ് ഗ്രൗണ്ടും അനുബന്ധ സൗകര്യങ്ങളും സൗജന്യമായി അനുവദിക്കുകയായിരുന്നു.ഇതുമൂലം വിദ്യാഭ്യാസ വകുപ്പിന് വാടക ഇനത്തിൽ ചിലവാകുന്ന വൻ തുക ലാഭിക്കാനായി.സ്‌കൂൾ അധികൃതരും മേളയ്ക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു. മേള വിജയകരമായി പൂർത്തിയാക്കാനായതായി ജില്ലാ കോ-ഓർഡിനേറ്റർ വി.ബിജുമോനും കൺവീനർ എസ്.സുജീഷും പറഞ്ഞു.