മാവേലിക്കര : തട്ടാരമ്പലത്തിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.40 ഓടെ തട്ടാരമ്പലം ജംഗ്ഷനിലായിരുന്നു അപകടം. തട്ടാരമ്പലം വി.എസ്.എം ആശുപത്രിയിലെ ജീവനക്കാരി അജിത വി.പിള്ളയ്ക്കാണ് പരിക്കേറ്റത്. വലിയപെരുമ്പുഴയ്ക്ക് പോവുകയായിരുന്ന അജിത സഞ്ചരിച്ച സ്കൂട്ടർ വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ ലോറിയ്ക്കടിയിൽപെടുകയായിരുന്നു. ഇവരുടെ സ്‌കൂട്ടർ ഭാഗികമായി തകർന്നു. അപകടത്തെത്തുടർന്ന് ഗതാഗതം അരമണിക്കൂറോളം സ്തംഭിച്ചു. ട്രാഫിക് സിഗ്‌നൽ അവഗണിച്ച് വാഹനങ്ങൾ കടന്നുപോകുന്നത് തട്ടാരമ്പലം ജംഗ്ഷനിൽ പലപ്പോഴും അപകടത്തിന് ഇടയാക്കുന്നുണ്ട്.