rth

ചേപ്പാട് പഞ്ചായത്ത് എൽ.പി​ സ്കൂളി​ന് സമീപം മാലി​ന്യ നി​ക്ഷേപം

ഹരിപ്പാട്. ദേശീയപാതയോരത്ത് സ്കൂൾ പരിസരത്ത് ചാക്കുകളിൽ കെട്ടിയ മാലിന്യം തള്ളുന്നതായി പരാതി. ചേപ്പാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ഗവ. എൽ.പി.സ്കൂളിന് എതിർവശം പഴയ ദേശീയപാതയിലാണ് മാലിന്യം തള്ളിയത്. ഇറച്ചിക്കോഴികളുടെ അവശിഷ്ടങ്ങൾ, അഴുകിയ സവാള, പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമുള്ളവയാണ് ഇവിടെ ചാക്കുകളിലാക്കി രാത്രിയിൽ ഇവിടെ കൊണ്ട് തള്ളുന്നത്. കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ച രാത്രിയിലുമായാണ് ഇവിടെ മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറഞ്ഞു. മൂക്കുപൊത്തിയാണ് യാത്രക്കാർ ഇതുവഴി കടന്നുപോകുന്നത്. മാലിന്യം ഇവിടെ കിടന്ന് അഴുകി ഇതിൽ നിന്നുമുള്ള മലിനജലം പഴയ ദേശീയപാതയുടെ ഒരത്തായി കെട്ടിക്കിടക്കുകയാണ്. പുഴുവരിക്കുന്ന നിലയിലാണ് മാലിന്യം ഇവിടെ കിടക്കുന്നത്. അസഹനീയമായ ദുർഗന്ധമാണ് പരിസരമാകെ.

അതേസമയം ഇത്തരത്തിൽ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് മൂലം സ്കൂൾ വിദ്യാർത്ഥികൾക്കും സമീപവാസികൾക്കും സാംക്രമിക രോഗമടക്കം പടർന്നുപിടിക്കാൻ ഇടയാക്കുന്നുണ്ടെന്ന് സമീപവാസി​കൾ പറയുന്നു. ദുർഗന്ധം കാരണം കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ രക്ഷകർത്താക്കൾ മടിക്കുന്ന അവസ്ഥയുമുണ്ട്.

മാലി​ന്യം സ്കൂളി​ന്റെ പരി​സരത്ത് കെട്ടി​ക്കി​ടക്കുകയാണ്. സ്കൂളി​ൽ കുട്ടി​കൾക്ക് ഇരുന്ന് പഠി​ക്കാൻ കഴി​യാത്ത അവസ്ഥയാണ്. ഇതി​ന് ഒരു പരി​ഹാരം കാണണം.

അദ്ധ്യാപി​കമാർ

പലപ്പോഴും പഞ്ചായത്ത് അധികൃതരോടും പൊലീസിനോടും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഒരു നടപടി​യും നാളിതുവരെ ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല മാലിന്യം നിക്ഷേപിക്കുന്നവരെ തങ്ങൾ പിടികൂടി നൽകണമെന്നാണ് അധികൃതർ പറയുന്നത്.

നാട്ടുകാർ