ഹരിപ്പാട്: കുടിവെള്ളം മുടങ്ങിയിട്ട് പതിനഞ്ച് ദിവസമായതോടെ പരിശോധനയ്ക്കെത്തിയ വാട്ടർ അതോറിറ്റി അധികൃതരെ നാട്ടുകാർ തടഞ്ഞുവച്ചു. പല്ലന മഹാകവി കുമാരനാശാൻ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ കുഴൽ കിണറിൽ നിന്നുമാണ് പതിനഞ്ച് ദിവസമായി പമ്പിംഗ് നിലച്ചത്. കുമാരകോടി മുതൽ തോപ്പിൽ ജംഗ്ഷൻ വരെയുള്ള നൂറ് കണക്കിന് വീട്ടുകാരുടെ കുടിവെള്ളത്തിനുള്ള ഏക ആശ്രയമാണ് ഈ കുഴൽ കിണർ. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ദിവസങ്ങളായി ജനപ്രതിനിധികളും നാട്ടുകാരും വാട്ടർ അതോറിറ്റി ഓഫീസിൽ എത്തി പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പ്രതിഷേധം കടുത്തതോടെയാണ് ഇന്നലെ എക്സിക്യൂട്ടി​വ് എൻജിനി​യറും എ.ഇയും ഉൾപ്പടെ പ്രദേശത്തെ പ്രശ്നങ്ങൾ മനസിലാക്കാൻ നേരിട്ടെത്തിയത്. പരി​ശോധനയ്ക്ക് ശേഷം പണിക്കാരെ അയക്കാമെന്ന് അറിയിച്ച് മടങ്ങാൻ ഒരുങ്ങിയപ്പോഴാണ് നാട്ടുകാർ അധികൃതരെ തടഞ്ഞത്. പണിക്കുള്ള ആളുകൾ എത്തിയശേഷം മാത്രമേ തിരികെ പോകാൻ അനുവദിക്കൂവെന്നായിരുന്നു നാട്ടുകാരുടെ നി​ലപാട്. തുടർന്ന് ഉച്ചയ്ക്ക് ശേഷം പണിക്കാർ എത്തി പൈപ്പ് മുറിച്ച് പരിശോധിച്ചു. ഫോഴ്സ് കുറവായതിനാലാണ് വെള്ളം ലഭിക്കാത്തത്. ഉടൻ തകരാർ പരിഹരിക്കാമെന്ന ഉറപ്പിലാണ് നാട്ടുകാർ അധികൃതരെ പോകാൻ അനുവദിച്ചത്.