ആലപ്പുഴ: കുട്ടനാട്ടിലെ നെൽകർഷകർ നേരിടുന്ന ദുരിതത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ഭക്ഷ്യ സിവിൽ സപ്ലെസ് വകുപ്പ് മന്ത്രി പി.തിലോത്തമന് നിവേദനം നൽകി.

കുട്ടനാട്ടിലെ കർഷകരുടെ പി.ആർ.എസ് വായ്പകൾക്കായി നൽകിയ പണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൃത്യമായി ബാങ്കുകൾക്ക് കൈമാറാത്തതു കൊണ്ടാണ് കർഷകർക്ക് ഇക്കുറി നെല്ലിന്റെ വില ലഭിക്കാത്തത്. കഴിഞ്ഞ കൊയ്ത്ത് കാലങ്ങളിൽ കൃഷിക്കാർക്ക് നൽകിയ പണം പി.ആർ.എസിലൂടെ ബാങ്കുകൾക്ക് തിരികെ നൽകിയിരുന്നെങ്കിലും കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടുതൽ തുക യഥാസമയം കൊടുക്കാത്തതു മൂലമാണ് കൊയ്ത്ത് കഴിഞ്ഞ് നെല്ല് സംഭരിച്ചപ്പോൾ തുക ബാങ്കുകൾ നൽകാത്തത്.

68 കോടി രൂപ ഉടൻ വിതരണം ചെയ്യാൻ സംസ്ഥാന ട്രഷറിക്ക് ധനവകുപ്പ് നിർദ്ദേശം നൽകിയതായും ഒന്നോ രണ്ടോ ദിവസത്തിനകം തുക കർഷകർക്ക് കൈമാറുമെന്നും മന്ത്രി എം.പിക്ക് ഉറപ്പു നൽകി. ശേഷിക്കുന്ന കർഷകർക്കുള്ള തുക ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.