kmc

 പ്രമേയം പാസാകില്ല

കായംകുളം: എൽ.ഡി.എഫ് ഭരിക്കുന്ന കായംകുളം നഗരസഭയിൽ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചയും വോട്ടെടുപ്പും ഇന്ന് രാവിലെ 10 മുതൽ നടക്കും. ബി.ജെ.പി പിന്തുണയ്ക്കില്ലന്ന് വ്യക്തമാക്കിയതോടെ അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായി.

ചെയർമാൻ അഡ്വ. എൻ.ശിവദാസനെതിരെ 15 യു.ഡി.എഫ് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസാണ് നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർക്ക് നൽകിയത്. നഗരഭരണം അഴിമതിയിൽ മുങ്ങിക്കുളിച്ചതായും ജനകീയാസൂത്രണ പദ്ധതി അട്ടിമറിച്ചതായും ആരോപിച്ചാണ് നോട്ടീസ്. 44 അംഗ കൗൺസിലിൽ എൽ.ഡി.എഫ്- 22, യു.ഡി.എഫ്-15, ബി.ജെ.പി- 7 എന്നിങ്ങനെയാണ് കക്ഷി നില. 23 പേരുടെ പിന്തുണ ഉണ്ടങ്കിൽ മാത്രമേ അവിശ്വാസ പ്രമേയം വിജയിയ്ക്കൂ.

പ്രമേയത്തെ പിന്തുണയ്ക്കില്ല. ബി.ജെ.പി

കായംകുളം നഗരസഭയിൽ യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയത്തെ പിൻതുണയ്ക്കില്ലന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. സോമൻ, നിയോജക മണ്ഡലം പ്രസിഡന്റ് മഠത്തിൽ ബിജു, പാർലമെന്ററി പാർട്ടി നേതാവ് ഡി. അശ്വനീദേവ് എന്നിവർ അറിയിച്ചു. ബി.ജെ.പിയുമായി ആലോചിച്ചല്ല അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.

അവിശ്വാസം അഴിമതിയ്ക്കെതിരെ. യു.ഡി.എഫ്

കഴിഞ്ഞ 4 വർഷത്തെ അഴിമതിക്കെതിരായിട്ടാണ് നഗരസഭാ ചെയർമാനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം നൽകിയതെന്ന് യു.ഡി.എഫ് അറിയിച്ചു. മാലിന്യ സംസ്കരണ പദ്ധതി, സ്റ്റേഡിയം, ഗവ.ഐ.റ്റി.ഐ, ആധുനിക അറവുശാല തുടങ്ങിയവയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ നടന്നില്ല.

അവിശ്വാസം വ്യക്തി വിരോധം

തീർക്കാൻ. ചെയർമാൻ

വ്യക്തിവിരോധം തീർക്കാനും സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കാനും വേണ്ടിയാണ് യു.ഡി.എഫ് നേതാവ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് നഗരസഭ ചെയർമാൻ അഡ്വ.എൻ.ശിവദാസൻ പറഞ്ഞു.

വികസനത്തിന്റെ വഴിമുടക്കികളായി മാറുകയാണ് യു.ഡി.എഫ്. ഇത്തരം നടപടികൾക്കെതിരായ വമ്പിച്ച ജനരോക്ഷം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.