ആലപ്പുഴ: മഴമൂലം കുട്ടനാട്ടിൽ നെൽകൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു. കുട്ടനാട് മേഖലയിലെ കൃഷിനാശത്തെക്കുറിച്ച് നിയമസഭയിൽ രമേശ് ചെന്നിത്തല അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
പി.എം.എഫ്. ബി.വൈ പദ്ധതിയിൽ ഇൻഷ്വർ ചെയ്ത വിളയുടെ കാലാവധിയ്ക്കുള്ളിൽ പ്രതികൂല കാലാവസ്ഥ മൂലം 50 ശതമാനത്തിലധികം ഉല്പാദന കുറവ് ഉണ്ടാകുമ്പോൾ നോട്ടിഫിക്കേഷൻ മുഖേന ഇൻഷ്വർ ചെയ്ത തുകയുടെ 25 ശതമാനം ഉടൻ തന്നെ കർഷകരുടെ അക്കൗണ്ടിലേക്ക് നൽകുന്നതിനായി സർക്കാർ പ്രത്യേക, അധികാരം ഉപയോഗിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ബാക്കിയുള്ള നഷ്ടം കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതാണ്. അന്തിമമായ കണക്കെടുപ്പും തുടർന്നുള്ള നഷ്ടപരിഹാരത്തുക നിശ്ചയിക്കലും ചെയ്യുന്ന പ്രക്രിയയ്ക്ക് വിധേയമായാണ് 25 ശതമാനം തുക നൽകുന്നത്. ഇതിനായി കൃഷിവകുപ്പിന്റെയും ഇൻഷ്വറൻസ് കമ്പനിയുടേയും പ്രതിനിധികൾ സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്.ഇ തിനുപുറമേ, സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് ഹെക്ടർ ഒന്നിന് പതിനഞ്ചായിരം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.
മഴക്കെടുതി മൂലം കുട്ടനാട് മേഖലയിൽ ഇതുവരെ 107 കോടി രൂപയുടെ നഷ്ടം തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.