കൊച്ചി : തീരപരിപാലനനിയമം ലംഘിച്ച് മരടിൽ ഫ്ളാറ്റു നിർമ്മിച്ചുവിറ്റ് തട്ടിപ്പു നടത്തിയ കേസിലെ പ്രതി കുത്തിയതോട് തേരകത്തുപറമ്പിൽ ജയറാം നായിക് (54) നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. മരട് പഞ്ചായത്തിലെ മുൻ യു.ഡി ക്ളാർക്കായ ജയറാം നായിക് ഇപ്പോൾ അരൂർ പഞ്ചായത്ത് സെക്രട്ടറിയാണ്. പദവിയിലിരിക്കെ വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവ നടത്തിയെന്നാണ് ഇയാൾക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. മരടിലെ വിവാദ ഫ്ളാറ്റുകൾ നിർമ്മിക്കാൻ നിയമം ലംഘിച്ച് അനുവാദം നൽകുന്നതിന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് ജയറാം നായിക്കാണെന്ന് അന്വേഷണസംഘം കോടതിയിൽ ബോധിപ്പിച്ചിരുന്നു. അനുമതി സംബന്ധിച്ച ഫയലുകൾ സൂക്ഷിച്ചിരുന്നതും ഇയാളാണ്. ആ നിലയ്ക്ക് ജയറാം നായിക്കിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.