ആലപ്പുഴ: ജയേഷ് വധക്കേസിലെ സാക്ഷി വിസ്താരത്തിനിടെ ചിലരുടെ ഭീഷണിയെതുടർന്ന് കോടതിക്കും പ്രോസിക്യൂട്ടർക്കും പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ഇന്നലെ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി രണ്ടിലായിരുന്നു സംഭവം. 2014ലായിരുന്നു കൈനകരി സ്വദേശി ജയേഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 5മുതൽ സാക്ഷി വിസ്താരം ആരംഭിച്ചു. കഴിഞ്ഞ ദിവസം സാക്ഷി വിസ്താരം കഴിഞ്ഞ് പുറത്തിറങ്ങിയ അസി.പബ്ളിക് പ്രോസിക്യൂട്ടർ കെ. രമേശനെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെയും ചിലർ ഭീഷണിപ്പെടുത്തി.

ഇന്നലെ കേസിലെ ഒന്നാം സാക്ഷിയും ജയേഷിന്റെ പിതാവുമായ രാജൂവിനെ വിസ്തരിക്കുന്നതിനിടെയും ഭീഷണിയുണ്ടായതായി പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു. തുടർന്ന് പൊലീസ് സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് സൂപ്രണ്ടിന് കോടതി ഉത്തരവ് നൽകി. ഇന്നും നാളെയും സാക്ഷി വിസ്താരം നടക്കും. പൊലീസ് സംരക്ഷണയിലാണ് പ്രോസിക്യൂട്ടർ വീട്ടിലെത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ പൊലീസ് സംരക്ഷണയിലാണ് സാക്ഷി വിചാരണ നടക്കുക.