 ലക്ഷ്യം മോഷണം

മാന്നാർ : നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക വാർത്ത കേട്ടാണണ് വെണ്മണി ഗ്രാമം ഇന്നലെ ഉണർന്നത്. നാട്ടിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ചെറിയാനും ഭാര്യ ലില്ലിയും ജീവനോടെയില്ലെന്ന വിവരം നാട്ടുകാർക്ക് വിശ്വസിക്കാനായില്ല.

സംഭവമറിഞ്ഞ് നാടിന്റെ നാനാഭാഗത്തുനിന്നും ജനങ്ങൾ ഒഴുകി എത്തി. നിമിഷ നേരംകൊണ്ട് തന്നെ വീടും പരിസരവും ജനസഞ്ചയമായി മാറി. പ്രവാസി ജീവിതം നയിച്ചു വന്നപ്പോഴും ചെറിയാൻ നാടുമായുള്ള ബന്ധം സുദൃഡമായി നിലനിർത്താൻ ശ്രമിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. പ്രവാസത്തിന് ശേഷം നാട്ടിലെത്തിയ ചെറിയാൻ വിവിധ സാംസ്‌കാരിക സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിക്കുകയായിരുന്നു.

കോടുകുളഞ്ഞി സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് ഇടവകാംഗങ്ങളായിരുന്ന ഇരുവരും നിരവധി പ്രാർത്ഥനാ ഗ്രൂപ്പുകളുടെ സംഘാടകരുമായിരുന്നു. ലില്ലി സ്ത്രീ ജനസഖ്യത്തിലെ സജീവ പ്രവർത്തകയാണ്. എ.പി.ചെറിയാൻ 2005ൽ വെൺമണി പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

മോഷണമാണ് കൊലപാതകത്തിന് പിന്നിലെ ലക്ഷമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ലില്ലിയുടെ കഴുത്തിൽ നിന്ന് രണ്ട് സ്വർണ്ണ മാലകൾ നഷ്ടമായതായി ബന്ധുക്കൾ സ്ഥരീകരിച്ചിട്ടുണ്ട്. വീടിനുള്ളിലെ അലമാര അലങ്കോലപ്പെട്ട് കിടക്കുകയാണ്. ഇതിൽ സൂക്ഷിച്ചിരുന്ന പണത്തെപ്പറ്റിയോ സ്വർണത്തെപ്പറ്റിയോ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിദേശത്തു നിന്നും മക്കൾ വന്നൽ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.

 കൃത്യമായ ആസൂത്രണം
വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാന്റെയും (കുഞ്ഞുമോൻ 75) ,ഭാര്യ ലില്ലി ചെറിയാന്റെയും (70) കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസിന്റെ നിഗമനം. ശനിയാഴ്ച ഇവരുടെ വീട്ടിൽ ജോലിയ്ക്ക് എത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് തൊട്ടടുത്ത ദിവസം കൊലപാതകികളെന്ന് പോലീസ് സംശയിക്കുന്ന ലബലു, ജൂവൽ എന്നീ ബംഗ്ളാദേശ് സ്വദേശികളെ ജോലിയ്ക്കായി അയച്ചത്. ഇവർ വീടും പരിസരവും കൃത്യമായി വീക്ഷിക്കുകയും കൊല്ലപ്പെട്ടവരുടേയും സമീപവാസികളുടെ ചലനങ്ങൾ വിശദമായി നിരീക്ഷിക്കുകയും ചെയ്തശേഷമാണ് കൃത്യം ആസൂത്രണം ചെയ്തതും നിർവ്വഹിച്ചതുമെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകികളെന്ന് സംശയിക്കുന്നവരെ ജോലിയ്ക്ക് അയച്ച അന്യസംസ്ഥാന തൊഴിലാളികളും സംശയത്തിന്റെ നിഴലിലാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.