 ഇരട്ട കൊലപാതകത്തിൽ നാട് നടുങ്ങി

മാന്നാർ: മക്കളും മരുമക്കളും വിദേശത്തായതിനാൽ പള്ളിയും പ്രാർത്ഥനയുമൊക്കെയായി വിശ്രമം ജീവിതം നയിച്ചുവന്ന ചെറിയാന്റെയും ലില്ലിയുടെയും കൊലപാതകം നാടിനെ നടുക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നും 4നും ഇടയിൽ പെയ്ത കനത്ത മഴയാണ് അക്രമികൾ മറയാക്കി മാറ്റിയത്.

ചെറിയാനും സുഹൃത്തുക്കളായ 15 പേരും അടങ്ങുന്ന സംഘം ഇന്നലെ ആലപ്പുഴയിൽ കായൽ യാത്ര പ്ളാൻ ചെയ്തിരുന്നു. സുഹൃത്തും സംഘാംഗവുമായ ജേക്കബ് ചാക്കോ തിങ്കളാഴ്ച വൈകിട്ട് 4 മുതൽ മൊബൈലിൽ നിരന്തരം ബന്ധപ്പെട്ടെങ്കിലും ബെൽ അടിച്ചതല്ലാതെ പ്രതികരണം ഉണ്ടായില്ല. വൈകിട്ട് 5ന് എന്നത്തേയും പോലെ വീടിന്റെ സിറ്റൗട്ടിൽ പാൽക്കാരൻ കുപ്പിയിൽ പാൽ കൊണ്ടുവച്ചെങ്കിലും എടുത്തിരുന്നില്ല. അതിനാലാണ് നാലരയ്ക്കു മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് കരുതുന്നത്.

കനത്ത മഴ ശാസ്ത്രീയ തെളിവെടുപ്പുകളുടെ കാര്യത്തിലും ആദ്യഘട്ടത്തിൽ ആശങ്ക ഉണ്ടാക്കി. ആലപ്പുഴയിൽ നിന്ന് ശ്രീകാന്ത്, ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡോഗ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്. പൊലീസ് നായ പാറച്ചന്ത ഉളിയന്തറ റോഡിൽ മലയിൽപ്പടി ഭാഗത്തേക്ക് രണ്ടു കിലോമീറ്ററോളം ഓടി വിജനമായ സ്ഥലത്തെത്തി നിന്നു. വിരലടയാള വിദഗ്ദ്ധരായ ജി.അജിത്ത്, ബ്യൂറോ ഇൻസ്‌പെക്ടർ കെ. അജയൻ, ശാസ്ത്രീയ പരിശോധന വിദഗ്ദ്ധ വി.ചിത്ര എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. നിത്യവും വൈകിട്ട് നടക്കാൻ ഇറങ്ങാറുള്ള ചെറിയാനെ കണ്ടില്ലെങ്കിൽ നാട്ടുകാർ തിരക്കുമായിരുന്നു. മഴയായതു കൊണ്ടാവാം തിങ്കളാഴ്ച ചെറിയാൻ വരാതിരുന്നത് എന്നാണ് സഹ നടപ്പുകാർ കരുതിയത്.

 ആദ്യം പൊക്കിയത് സുഹൃത്തുക്കളെ

പ്രതികളെന്നു സംശയിക്കുന്ന ബംഗ്ളാദേശ് സ്വദേശികൾ തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെ, തങ്ങൾ ചെന്നൈയിലേക്കു പോവുകയാണെന്ന് സുഹൃത്തുക്കളെ ഫോണിൽ അറിയിച്ചിരുന്നു. ചെറിയാന്റെ വീട്ടിൽ ഞായറാഴ്ച ജോലിക്കുവന്നത് ബംഗ്ളാദേശ് സ്വദേശികളാണെന്ന് അയൽവാസികൾ നൽകിയ മൊഴിയും സംഭവത്തിൽ പൊലീസിനെ സഹായിച്ചു.

പ്രതികളുടെ സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മങ്ങാട്ടുകുഴിയിലെത്തി ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴേക്കും പ്രതികളെന്നു സംശയിക്കുന്നവർ രക്ഷപ്പെട്ടിരുന്നു. സുഹൃത്തുക്കളുടെ ഫോണിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ ലഭിച്ചത്. ഡിവൈ.എസ്.പി അനീഷ് വി.കോര, സി.ഐ എം. സുധിലാൽ, വെൺമണി എസ്.ഐ ബി.രാജീവ് കുമാർ, നൂറനാട് എസ്.ഐ ബിജു, കുറത്തികാട് എസ്.ഐ ബിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനാണ് അന്വേഷണ ചുമതല.