ആലപ്പുഴ: ദീർഘദൂര സ്വകാര്യ ബസുകൾ നഗരത്തിൽ തോന്നുംപടി നിറുത്തി യാത്രക്കാരെ കയറ്റുന്നത് ഒഴിവാക്കാൻ, വഴിച്ചേരിയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ നഗരസഭ കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തിയെങ്കിലും കാര്യങ്ങൾ പഴയപടിയായി. നഗരത്തിൽ ഗതാഗത തടസമുണ്ടാക്കും വിധം ബസുകൾ നിറുത്തി യാത്രക്കാരെ കയറ്റിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അന്നത്തെ നഗരസഭ ചെയർമാൻ തോമസ് ജോസഫും ആർ.ടി.ഒയും ബസ് ഏജന്റുമാരും നടത്തിയ ചർച്ചയിൽ ധാരണ ആയെങ്കിലും പഴയ നിലയിലേക്കു മാറിയിരിക്കുകയാണ് 'കയറ്റിറക്ക്' വിഷയങ്ങൾ.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് നഗരസഭ ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചത്. നഗരത്തിൽ ഏറെ തിരക്കുള്ള വൈ.എം.സി.എ ജംഗ്ഷനു സമീപവും മറ്റും രാത്രി, പകൽ വ്യത്യാസമില്ലാതെ ബസുകൾ നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ഗതാഗതക്കുരുക്കിന് വഴിയൊരുക്കിയിരുന്നു. നഗരസഭയുടെ തീരുമാനം ആദ്യ ഘട്ടത്തിൽ ബസ് ജീവനക്കാർ പാലിച്ചിരുന്നെങ്കിലും വീണ്ടും തകിടംമറിഞ്ഞു.
ദീർഘദൂര ബസുകൾ സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തി യാത്രക്കാരെ സ്വീകരിക്കുന്നത്, കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷയ്ക്കും അനുകൂല ഘടകമായിരുന്നു. നിലവിലെ സാഹചര്യത്തിൽ ബസുകൾ വൈകിയെത്തിയാലും, ഏജൻസി ഓഫീസുകളുടെ മുന്നിൽ കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയാണുള്ളത്.