 കരാറുകാരനും ഉദ്യോഗസ്ഥരും ചേർന്നുള്ള ഒത്തുകളി

 കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന ശുപാർശ അട്ടിമറിച്ചു

ആലപ്പുഴ: നിലവാരമില്ലാത്ത പൈപ്പുകളിട്ട് ആലപ്പുഴ കുടിവെള്ള പദ്ധതി തകിടം മറിച്ചതിനു പിന്നിൽ കരാറുകാരനും വാട്ടർ അതോറിട്ടിയിലെ ഉന്നത ഉദ്യോഗസ്ഥരും. പൈപ്പ് അടിക്കടി പൊട്ടുന്ന ഒന്നര കിലോമീറ്റർ ദൂരം അടക്കം നിലവാരം കുറഞ്ഞ പൈപ്പിട്ട കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സൂപ്രണ്ടിംഗ് എൻജിനിയർ പലതവണ ആവശ്യപ്പെട്ടിട്ടും ഉന്നത ഉദ്യോഗസ്ഥർ അനങ്ങിയില്ല. കരാറുകാരനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന സൂപ്രണ്ടിംഗ് എൻജിനിയറുടെ ശുപാർശയും തള്ളിക്കളഞ്ഞു.

കരാർ കാലാവധി കഴിയാത്തതിനാൽ നിലവാരമില്ലാത്ത പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ പലതവണ സൂപ്രണ്ടിംഗ് എൻജിനിയർ ആവശ്യപ്പെട്ടിട്ടും കരാറുകാരൻ കേട്ട ഭാവം കാണിച്ചില്ല. തിരുവനന്തപുരത്തേയും കൊച്ചിയിലേയും മേഖലാ ഓഫീസുകളിലേക്കും സൂപ്രണ്ടിംഗ് എൻജിനിയർ ശുപാർശ അയച്ചെങ്കിലും അവിടെയും ഒരു ചെറുവിരൽ പോലും അനങ്ങിയില്ല.

പദ്ധതിക്ക് ഉപയോഗിച്ചത് നിലവാരമില്ലാത്ത പൈപ്പാണെന്ന് ഉദ്യോഗസ്ഥർക്ക് ബോദ്ധ്യമായപ്പോൾ കരാറുകാരനെ സംരക്ഷിച്ച് വാട്ടർ അതോറിട്ടി തന്നെ ലക്ഷങ്ങൾ ചെലവഴിച്ച് പൊട്ടിയ പൈപ്പിൽ അറ്റകുറ്റപ്പണി നടത്തി. പണി കഴിഞ്ഞ് ഒരാഴ്ച കഴിയുംമുമ്പേ വീണ്ടും പൊട്ടും. ഇങ്ങനെ 43 തവണയാണ് പൈപ്പ് പൊട്ടിയത്. പൊട്ടലും അറ്റകുറ്റപ്പണിയുമായി നീണ്ടപ്പോൾ ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം കിട്ടാക്കനിയായി. അറ്റകുറ്റപ്പണിക്കായി ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ഒഴുകിയപ്പോഴും കരാറുകാരന് ഒരു പൈസയുടെ നഷ്ടം പാേലുമുണ്ടായില്ല.

 വ്യവസ്ഥകൾ അട്ടിമറിച്ചു

വാട്ടർ അതോറിട്ടിയുമായുള്ള കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം ഈടാക്കണമെന്നാണ് വ്യവസ്ഥ. പിന്നീട് ഒരു കരാറും നൽകാനും പാടില്ല. ഇവിടെ പരമാവധി സംരക്ഷണം നൽകിയെന്ന് മാത്രമൻ്ൻ, പൈപ്പ് പൂർണ്ണമായി മാറ്റിസ്ഥാപിക്കാനുള്ള ജോലികൾ വീണ്ടും അതേ കരാറുകാരന് തന്നെ നൽകുകയും ചെയ്തു.

മന്ത്രിയുടെ കത്തും മുക്കി

 ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ വലിയ ക്രമക്കേട് ഉണ്ടെന്നും നടപടി വേണമെന്നും കാണിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ മന്ത്രി ജി സുധാകരൻ ജലവിഭവ വകുപ്പിന് കത്ത് നൽകി

 എന്നാൽ കത്ത് കിട്ടിയിട്ടില്ലെന്ന് ജലസേചനമന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു

 കത്ത് മന്ത്രിയുടെ അടുത്ത് എത്താതെ മുക്കിയത് ആരാണെന്ന് ഇപ്പോഴും ഒരന്വേഷണമില്ല

 പൈപ്പിന് ഗുണനിലവാരം ഉണ്ടെന്ന് പൈപ്പ് കമ്പനിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് ഉദ്യോഗസ്ഥർ പരിചയാക്കുന്നത്

കരാറുകാരന് ഇഷ്ടപ്പെട്ടു,

പൈപ്പ് വാങ്ങി

പദ്ധതിയുടെ മൂന്നാം റീച്ചിൽ ഉപയോഗിച്ച പർമാ പ്ലാസ്റ്റ് കമ്പനിയുടെ പൈപ്പാണ് പൊട്ടിയത്

കരാറുകാരന്റെ താത്പര്യപ്രകാരമാണ് പർമാ കമ്പനിയിൽ നിന്ന് പൈപ്പുകൾ വാങ്ങിയത്

പൈപ്പ് വാങ്ങിയ ഉദ്യോഗസ്ഥരിലേക്ക് വകുപ്പുതല നടപടികളും അന്വേഷണങ്ങളും നീങ്ങിയിട്ടില്ല

പൈപ്പിട്ട സമയത്ത് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മാത്രമാണ് സസ്‌പെൻഡ് ചെയ്തത്‌

രാഷ്ട്രീയ വിവാദവും

കുടിവെള്ള പദ്ധതിയുടെ നിർവഹണ സമയത്ത് എൽ.ഡി.എഫായിരുന്നു ആലപ്പുഴ നഗരസഭ ഭരിച്ചിരുന്നത്. അന്ന് ഭരണത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ചില നേതാക്കൾക്കെതിരെയും ആരോപണശരമുയർന്നിരുന്നു. ഇപ്പോൾ സമരരംഗത്തുള്ള ബി.ജെ.പിയും കോൺഗ്രസും ആവശ്യപ്പെടുന്നത് രാഷ്ട്രീയ നേതൃത്വത്തിനെതിരെയും നടപടി വേണമെന്നാണ്.

''പത്ത് മാസം മുൻപ് മന്ത്രി ജി സുധാകരൻ വിജിലൻസിന് കത്ത് നൽകിയിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പിനെ സ്വാധീനിക്കാൻ അഴിമതിക്കാർക്ക് കഴിയുന്നുവെന്ന് സംശയിക്കേണ്ടി വരും

കെ. സോമൻ

ബി.ജെ.പി ജില്ലാ പ്രസിഡന്റ്