light-stick

 ജില്ലയിൽ തീപ്പെട്ടി വ്യവസായം ഓർമ്മയാവുന്നു

ആലപ്പുഴ: തീപ്പെട്ടിക്കോലുപോലെ ശോഷിച്ചു പോയ, ജില്ലയിലെ തീപ്പെട്ടി വ്യവസായം ഇനിയൊരു തിരിച്ചുവരവിന് ത്രാണിയില്ലാതെ എരിഞ്ഞു തീരുന്നു. 14 കമ്പനികളും നൂറുകണക്കിന് തൊഴിലാളികളും ഉണ്ടായിരുന്ന ഈ മേഖലയിൽ കരിന്തിരി പോലെയെങ്കിലും നിൽക്കുന്നത് ചേർത്തലയിലെ ഒരേയൊരു കമ്പനി മാത്രം. തൊഴിലാളികൾക്ക് ശമ്പളം പോലും നൽകാനാവാതെ വലയുകയാണ് ഈ കമ്പനിയുടെ നടത്തിപ്പുകാർ.

വർദ്ധിക്കുന്ന കൂലി, ഉത്പാദനച്ചെലവ്, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയാണ് ഇൗ മേഖലയെ തളർത്തുന്നത്. തുറവൂർ മനക്കോടത്ത് തണ്ടാർ ആൻഡ് സൺസ് ട്രസ്റ്റിന്റെ കീഴിലുള്ള ഏക തീപ്പെട്ടി കമ്പനി നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. 20 വർഷം മുമ്പ് ചേർത്തല താലൂക്കിൽ ഇത്തരത്തിൽ 14 ഫാക്ടറികൾ ഉണ്ടായിരുന്നു. വെല്ലുവിളികൾ അതിജീവിക്കാൻ കഴിയാതെ ഓരോന്നായി അടച്ചുപൂട്ടുകയായിരുന്നു. ഭൂരിഭാഗം തൊഴിലാളികളും സ്ത്രീകളായിരുന്നു. ശിവകാശിയിലെ പയനീയർ കമ്പനിക്കുവേണ്ടിയാണ് ഇവിടെ തീപ്പെട്ടിക്കൊള്ളി നിർമ്മിച്ചിരുന്നത്. വ്യവസായത്തിന്റെ പ്രതാപകാലത്ത് കിലോഗ്രാമിന് 85- 90 രൂപയുണ്ടായിരുന്ന തീപ്പെട്ടിക്കൊള്ളിക്ക് നിലവിൽ 50 മുതൽ 55 രൂപവരെ മാത്രമേ കിട്ടുന്നുള്ളൂ .

നല്ലരീതിയിൽ നടക്കുന്ന കമ്പനിയാണെങ്കിൽ 4 ദിവസം കൊണ്ട് ഒരു ലോഡ് കൊള്ളി നിർമ്മിക്കാൻ പറ്റും. തുടർന്ന് തമിഴ്‌നാട്ടിലേക്ക് കയറ്റി അയയ്ക്കും. ചേർത്തലയിൽ അവശേഷിക്കുന്ന ഏക ഫാക്ടറിയിൽ ഇപ്പോൾ 40 തൊഴിലാളികളുണ്ട്. തെങ്കാശി, ശിവകാശി, കോവിൽപ്പെട്ടി തുടങ്ങി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് തീപ്പെട്ടിക്കൊള്ളി കയറ്റുമതി ചെയ്യുന്നത്. നാട്ടിൻപുറങ്ങളിലെ പെരുമരം സംസ്‌കരിച്ചെടുത്താണ് തീപ്പെട്ടിക്കൊള്ളിയാക്കുന്നത്. പെരുമരത്തിന്റെ തൊലികളഞ്ഞ് നിശ്ചിത അളവുകളിൽ മുറിച്ച്, യന്ത്രത്തിൽ കയറ്റി ഷീറ്റാക്കി വീണ്ടും യന്ത്രത്തിൽ വച്ച് കൊള്ളിക്കുള്ള കഷണങ്ങളാക്കി മുറിച്ച് വെയിലിൽ ഉണക്കി, ചാക്കുകളിലാക്കിയാണ് കയറ്റുമതി ചെയ്യുന്നത്. ഓർഡറുകൾ അനുസരിച്ചു 35 മുതൽ 45 വരെ മില്ലിമീറ്റർ നീളത്തിൽ മുറിച്ചാണ് കൊള്ളികളാക്കുന്നത്. തമിഴ്‌നാട്ടിലെ തീപ്പെട്ടി നിർമ്മാണ കമ്പനികൾക്കു സമീപത്തായി കൊള്ളി നിർമ്മാണ കമ്പനികളും തുടങ്ങിയത് കേരളത്തിൽ നിന്നുള്ള കൊള്ളി കയറ്റുമതിയെ കാര്യമായി ബാധിച്ചു.

...........................................

 14: രണ്ടു പതിറ്റുണ്ടുമുമ്പ് ജില്ലയിലുണ്ടായിരുന്ന തീപ്പെട്ടി കമ്പനികൾ

 ₹ 85- 90: പ്രതാപകാലത്ത് തീപ്പെട്ടിക്കൊള്ളി വില കിലോയ്ക്ക്

 ₹ 50- 55: നിലവിൽ കിലോയ്ക്ക് ലഭിക്കുന്ന വില

 40: ചേത്തലയിൽ അവശേഷിക്കുന്ന കമ്പനിയിലെ തൊഴിലാളികൾ

..........................................

 മരം കിട്ടാനില്ല

തീപ്പെട്ടിയുടെ കോലുമാത്രമാണ് തണ്ടാർ ആൻഡ് സൺസ് ട്രസ്റ്റ് കമ്പനിയിൽ നിർമ്മിക്കുന്നത്. തമിഴ്നാട്ടിൽ നിന്നാണ് കോലിന്റെ അറ്റത്തുള്ള മരുന്ന് ചേർക്കുന്നത്. കൊള്ളിക്കുള്ള പെരുമരങ്ങൾ കിട്ടാത്ത അവസ്ഥയുണ്ട്. മഴക്കാലമായതിനാൽ കോലുകൾ പുകകൊള്ളിച്ചാണ് ഉണക്കുന്നത്. മരങ്ങൾ കൊണ്ടുവരുന്ന ലോറി വാടക ഉയർന്നതും പ്രതിസന്ധി സൃഷ്ടിച്ചു.

.......................................


# തകർച്ചയുടെ വഴി

 തൂത്തുക്കുടി വഴിയുള്ള സോഫ്റ്റ് വുഡ് ഇറക്കുമതി കുത്തനെ ഉയർന്നു

 ശിവകശിയിലെ തീപ്പെട്ടി കമ്പനികൾക്ക് തൂത്തുക്കൂടിയിൽ കൊള്ളി നിർമ്മാണ ഫാക്ടറികൾ

 മരങ്ങൾ നേരിട്ടു കൊണ്ടുവന്ന് ഇവിടെ തീപ്പെട്ടിക്കൊള്ളി നിർമ്മാണം

 ഇതോടെ കേരളത്തിലെ തീപ്പെട്ടിക്കൊള്ളി തമിഴ്‌നാട്ടുകാർക്ക് വേണ്ടാതായി

 തീപ്പെട്ടി 60 പൈസ നിരക്കിൽ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തുന്നു

 ചൈനീസ് ലൈറ്ററുകൾ വ്യാപകം

........................................

'വർദ്ധിക്കുന്ന കൂലി, ഉത്പാദനച്ചെലവ്, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയാണ് ഇൗ മേഖലയെ തളർത്തുന്നത്. തമിഴ്നാട്ടിൽ തീപ്പെട്ടിക്കൊള്ളി കമ്പനികൾ വന്നതോടെയാണ് ഇവിടെ നഷ്ടം തുടങ്ങിയത്. നിലവിൽ ഒരു കിലോഗ്രാം കൊള്ളിക്ക് 55 രൂപ മാത്രമേ കിട്ടുന്നുള്ളൂ. ഒാർഡറുകൾ കുറഞ്ഞതോടെ തൊഴിലാളികൾക്ക് ശമ്പളം പോലും നൽകാൻ കഴിയുന്നില്ല'

(സിംസൺ, തണ്ടാർ ആൻഡ് സൺസ് ട്രസ്റ്റ് ഉടമ)