എൽ.ഡി.എഫും ബി.ജെ.പിയും ബഹിഷ്കരിച്ചു
കായംകുളം: കായംകുളം നഗരസഭയിൽ എൽ.ഡി.എഫിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. എൽ.ഡി. എഫ്, ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്ന വോട്ടെടുപ്പിൽ അവിശ്വാസത്തിനനുകൂലമായി 15 യു.ഡി. എഫ് അംഗങ്ങൾ വോട്ട് ചെയ്തു. 23 വോട്ടാണ് അവിശ്വാസം വിജയിക്കാൻ വേണ്ടിയിരുന്നത്. 44 അംഗ കൗൺസിലിൽ ചെയർമാൻ സി.പി.എമ്മിലെ അഡ്വ. എൻ.ശിവദാസനെതിരെ 15 യു.ഡി.എഫ് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയത്തിനാണ് നോട്ടീസ് നൽകിയിരുന്നത്. ചെയർമാൻ ഉൾപ്പെടെ 22 എൽ.ഡി.എഫ് അംഗങ്ങളും എത്തിയില്ല. 7 ബി.ജെ.പി അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടറുടെ അദ്ധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടന്നത്.
യു.ഡി.എഫ് വികസനവിരോധികൾ, ഒറ്റപ്പെട്ടു: ചെയർമാൻ
വികസന മുന്നേറ്റത്തിൽ നിരാശപൂണ്ട യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതൃത്വം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നൽകിയ അവിശ്വാസ പ്രമേയം തള്ളിയതോടെ വികസനത്തിന്റെ വഴിമുടക്കികളായ യു.ഡി.എഫ് ജനങ്ങളുടെ മുന്നിൽ പരിഹാസ്യരാകുകയും ഒറ്റപ്പെടുകയും ചെയ്തിരിക്കുകയാണെന്ന് നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ കുറ്റപ്പെടുത്തി.
നഗരഭരണത്തിനെതിരായി ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങൾ സോപ്പുകുമിള പോലെ ആയി. നാലു വർഷമായി ഉന്നയിക്കുന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു പരാതി പോലും നൽകാതെ വാചക കസർത്ത് നടത്തുകയാണ് ചെയ്യുന്നത്.
രാഷ്ട്രീയ പാപ്പരത്തമാണന്ന് യു.ഡി.എഫ്
അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുപ്പിക്കാതെ എൽ.ഡി.എഫ് കൗൺസിലർമാരെ സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിൽ പാർപ്പിച്ചത് രാഷ്ട്രീയ പാപ്പരത്തമാണന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് അഡ്വ.യു.മുഹമ്മദ് പറഞ്ഞു. എൽ.ഡി.എഫ് അംഗങ്ങൾ സഭയിൽ വന്നിരുന്നെങ്കിൽ ബി.ജെ.പിയുടെ പിൻതുണയില്ലാതെ അവിശ്വാസം പാസാകുമായിരുന്നു.