 പുന:സംഘടനയിൽ ജില്ലയുടെ പ്രാതിനിദ്ധ്യം മൂന്നിൽ നിന്ന് അഞ്ചാവും

ആലപ്പുഴ: കെ.പി.സി.സി പുന:സംഘടനയ്ക്ക് അന്തിമ രൂപമാകുമ്പോൾ ജില്ലയിൽ നിന്നുള്ള അംഗസംഖ്യ മൂന്നിൽ നിന്ന് അഞ്ചായി ഉയരാൻ സാദ്ധ്യത.

അഡ്വ. ഡി.സുഗതൻ, എ.എ.ഷുക്കൂർ, ബാബുപ്രസാദ്, എം.മുരളി, ജോൺസൺ എബ്രഹാം എന്നിവരെയാണ് ജില്ലയിൽ നിന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായി പരിഗണിക്കുന്നത് . നിലവിൽ ജോൺസൺ എബ്രഹാമും ബാബുപ്രസാദും സി.ആർ.ജയപ്രകാശുമായിരുന്നു ജില്ലയെ പ്രതിനിധീകരിച്ചിരുന്നത്. ഇതിൽ ജയപ്രകാശിനെ ഒഴിവാക്കിക്കൊണ്ട് ഡി.സുഗതനെയും എ.എ.ഷുക്കൂറിനെയും എം. മുരളിയെയും ഉൾപ്പെടുത്തിയാണ് പുതിയ മുഖം നൽകുന്നത്. ഷുക്കൂറും ബാബുപ്രസാദും എെ ഗ്രൂപ്പിന്റെയും എം.മുരളി എ ഗ്രൂപ്പിന്റെയും ജോൺസൺ എബ്രഹാം വി.എം.സുധീരന്റെയും നോമിനിയാണ്. പഴയ എെ ഗ്രൂപ്പുകാരനും കെ. കരുണാകരന്റെ അടുത്തയാളുമായിരുന്ന ഡി.സുഗതൻ കെ.പി.സി.സിയിൽ വരുന്നത് പി.സി.ചാക്കോയുടെ നോമിനിയായിട്ടാണ്.

ഗ്രൂപ്പുകൾക്കതീതമായിട്ടാണ് സുഗതന്റെ വരവ്. 1973ൽ ഇരുപത്തിയഞ്ചാം വയസിൽ കെ.പി.സി.സി അംഗമായ സുഗതന് ഭാരവാഹിത്വം കിട്ടാൻ 46 വർഷം കാത്തിരിക്കേണ്ടി വന്നു. ജില്ലയിലെ മുതിർന്ന നേതാവായ സുഗതന് എസ്.എൻ.ഡി.പി യോഗത്തിന്റെ പിൻബലവുമുണ്ട്. ജില്ലയിലെ കോൺഗ്രസ് നേതൃത്വം എസ്.എൻ.ഡി.പി യോഗവുമായി അടുത്ത ബന്ധം പുലർത്താത്തത് തിരഞ്ഞെടുപ്പുകളിൽ വൻതിരിച്ചടിക്ക് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 19 സീറ്റുകളിലും യു.ഡി.എഫ് വിജയിച്ചപ്പോൾ ആലപ്പുഴയിൽ മാത്രമാണ് തോൽവി ഏൽക്കേണ്ടി വന്നത്. തോൽവിയെപ്പറ്റി അന്വേഷിച്ച കമ്മിഷൻ പ്രധാന കാരണമായി കണ്ടെത്തിയതും എസ്.എൻ.ഡി.പി യോഗവുമായി അടുക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ്. ഈ സാഹചര്യത്തിലാണ് യോഗം ജനറൽ സെക്രട്ടറിയുമായി അടുത്ത ബന്ധമുള്ള ഡി.സുഗതനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. മാത്രവുമല്ല, എൻ.ഡി.എയുമായി ആടിയുലഞ്ഞ് നിൽക്കുന്ന ബി.ഡി.ജെ.എസിനെ യു.ഡി.എഫ് പക്ഷത്തേക്ക് കൊണ്ടുവരിക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ടെന്നാണ് അറിയുന്നത്.

പ്രധാന സമുദായങ്ങൾക്കെല്ലാം കെ.പി.സി.സിയിൽ പ്രാതിനിധ്യം നൽകിക്കൊണ്ടാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഷുക്കൂർ മുസ്ളീം വിഭാഗത്തിലും ജോൺസൺ എബ്രഹാം ക്രിസ്ത്യൻ വിഭാഗത്തിലും ബാബുപ്രസാദും എം.മുരളിയും നായർ സമുദായത്തിലും പെടുന്നവരാണ്. അങ്ങനെ എല്ലാ സമുദായങ്ങൾക്കും മുൻതൂക്കം നൽകുന്നതിലൂടെ ജില്ലയിൽ കോൺഗ്രസിൻെറ വേരുകൾ ഉറപ്പിക്കാനാകുമെന്ന കണക്കുകൂട്ടലുമുണ്ട്.