ആലപ്പുഴ: ആലപ്പുഴ കണ്ട ഏറ്റവും വലിയ കുംഭ കോണമാണ് ആലപ്പുഴ യൂഡിസ്മാറ്റ് കുടിവെള്ള പദ്ധതിയിലെ അഴിമതിയെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു ആരോപിച്ചു.

കുടിവെള്ള പദ്ധതിയിലെ അഴിമതി സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കരാറുകാരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ സിബിഐ അന്വേഷിക്കണമെന്നും ലിജു ആവശ്യപ്പെട്ടു.

ഡി.സി.സി ഓഫീസിൽ നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകർ ജല വിഭവ വകുപ്പ് എൻജിനിയറുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചു. ഡിസിസി പ്രസിഡന്റ് എം ലിജു, മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തശേഷം വിട്ടയച്ചു. ആലപ്പുഴ നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിറിയക് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. എ.എ.ഷുക്കൂർ, തോമസ് ജോസഫ്, സി.വി.മനോജ് കുമാർ, ടി സുബ്രഹ്മണ്യ ദാസ്, ജി സഞ്ജീവ് ഭട്ട്, സുനിൽ ജോർജ്, അഡ്വ.റീഗോ രാജു, പി. സാബു, ടി.വി.രാജൻ, പി.ബി.വിശ്വേശരപ്പണിക്കർ, ബഷീർ കോയാപറമ്പിൽ, ആർ. അംജിത് കുമാർ, നൂറുദ്ധീൻ കോയ, മോളി ജേക്കബ്, ഷോളി സിദ്ധകുമാർ, ഡൊമിനിക്, ഷിജു താഹ, എസ്. മുകുന്ദൻ, ആർ. ഗിരീശൻ, അനിയപ്പൻ, രാഹുൽ, ജിജി സന്തോഷ്, റീന സജീവ് തുടങ്ങിയവർ സംസാരിച്ചു