ആലപ്പുഴ : കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പിലാക്കുമ്പോൾ പൊതുമാനദണ്ഡങ്ങളിൽ ജില്ലയ്ക്ക് അനുയോജ്യമായ രീതിയിലുള്ള മാറ്റങ്ങൾ ആവശ്യമാണെന്നും ഇക്കാര്യം ബന്ധപ്പെട്ട പാർലമെന്ററി കാര്യ സമിതികളുടെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും എംപിമാരായ കോടിക്കുന്നിൽ സുരേഷ്, എ.എം. ആരിഫ് എന്നിവർ പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഇത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.

23 വകുപ്പുകളിലായി ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് യോഗത്തിൽ വിലയിരുത്തി. വാട്ടർ അതോറിട്ടി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി കൃഷി സിൻചായി യോജന,മഹിളാ കിസാൻ സശാക്തീകരൺ പരിയോജന, ശ്യാമപ്രസാദ് മുഖർജി റർബൻ മിഷൻനാഷണൽ റർബൻ മിഷൻ തുടങ്ങിയ പദ്ധതികളുടെ പുരോഗതിക്കാവശ്യമായ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.
തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയ്ക്ക് ഈ സാമ്പത്തിക വർഷം 8386920 തൊഴിൽ ദിനങ്ങളാണ് കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുള്ളത്. ഇതുവരെ 3616363 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു.
പിഎംഎവൈ പദ്ധതിയിൽ ജില്ലയിൽ അനുവദിച്ച 1867 വീടുകളിൽ 704 എണ്ണം പൂർത്തീകരിക്കുകയും 763 എണ്ണത്തിന്റെ പണി ആരംഭിക്കുകയും ചെയ്തു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എ.ഡി.എം. വി. രവികുമാർ, ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ജെ. ബെന്നി, ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.കെ. ഷാജു, വിവിധ വകുപ്പ് മേധവികൾ എന്നിവർ പങ്കെടുത്തു.