ആലപ്പുഴ: കുടിവെള്ള പദ്ധതിയിലെ കോടികളുടെ അഴിമതിയെകുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ കളക്ടറേറ്റിന് മുന്നിൽ കുടവുമായി നടത്തിയ നിൽപ്പ് സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ഉദ്യോഗസ്ഥ അഴിമതിയാണ് ഈ പദ്ധതി പ്രകാരം നടന്നിട്ടുള്ളത്. അതിനാലാണ് അഴിമതിക്കാരെ തനിക്കറിയാമെന്ന് പറഞ്ഞ ജി , സുധാകരൻ മൗനം പാലിക്കുന്നത്. കരാറുകാരെ ജില്ലയിലെ 2 മന്ത്രിമാരും സംരക്ഷിക്കുകയാണ്. കരാർ ലംഘനം നടത്തിയ കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കണം വികസന പദ്ധതികളുടെ പേരിൽ ധനകാര്യ മന്ത്രിയും പൊതു മരാമത്ത് മന്ത്രിയും പരസ്പരം ചെളി വാരിയെറിഞ്ഞ് കലഹിക്കുന്നത് പരിഹാസ്യമാണ്. കുടിവെള്ള പദ്ധതി അഴിമതിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും പങ്കുണ്ട്. സംയുക്ത അഴിമതിയാണ് ഈ പദ്ധതിയിൽ നടന്നിട്ടുള്ളത് ഈ അഴിമതിയിൽ നിന്ന് ഭരണകക്ഷിയായ സി.പി.എമ്മിനും പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനും ഒഴിഞ്ഞു മാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു .
ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഗോപകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ,ജില്ലാ സെക്രട്ടറി എൽ. പി. ജയചന്ദ്രൻ, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് വി ശ്രീജിത്ത്, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാർ, എം ഡി സിബിലാൽ എന്നിവർ പ്രസംഗിച്ചു.