ഹരിപ്പാട്: ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടിട്ടും ഹരിപ്പാട് റവന്യൂ ടവറിൽ സർക്കാർ ഓഫീസുകൾ പ്രവർത്തനം ആരംഭിക്കാൻ ഇനിയും വൈകും.
ഡിസംബറിൽ ഓഫീസുകളുടെ പ്രവർത്തനം ആരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ ഹൗസിംഗ് ബോർഡ് റവന്യുവകുപ്പിന് കെട്ടിടം കൈമാറ്റം ചെയ്തിട്ടില്ല. 24 സർക്കാർ സ്ഥാപനങ്ങളാണ് വരുന്നത്. ഉദ്ഘാടനം കഴിഞ്ഞ ചെന്നിത്തല അടുത്തദിവസം മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഒന്നും നടന്നില്ല. ഇതുവരെ ഒറ്റ ഓഫീസ് പോലും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
കെട്ടിടത്തിന് വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബിക്ക് 20,000 രൂപ കെട്ടിവയ്ക്കുന്ന കാര്യം ജില്ലാ കളക്ടറുടെ പരിഗണനയിലാണ്. വൈദ്യുതീകരിച്ചാൽ മാത്രമേ നഗരസഭ കെട്ടിടത്തിന് നമ്പരിടുകയുള്ളു. ഇത് കഴിഞ്ഞാൽ മാത്രമേ കുടിവെള്ള കണക്ഷനും ലഭിക്കുകയുള്ളൂ. ഇതിനെല്ലാം തന്നെ അഗ്നിനിശമനവിഭാഗത്തിന്റെ അനുമതിയാണ് പ്രധാനം. അഗ്നിശമന വിഭാഗത്തിന്റെ അനുമതി നീണ്ടുപോയതാണ് ഇത് വരെ റവന്യു ടവറിന് കെട്ടിടം കൈമാറാൻ തടസമായതെന്നാണ് ബോർഡ് അധികൃതരുടെ വിശദീകരണം.
അഗ്രികൾച്ചറൽ മാർക്കറ്റിംഗ്
ഡെവലപ്പ്മെന്റ് കോംപ്ലെക്സ്?
റവന്യു ടവറിന് എന്തുപേര് നൽകണമെന്ന് ചർച്ചകൾ ഉയരുമ്പോൾ അഗ്രികൾച്ചറൽ
മാർക്കറ്റിംഗ് ഡെവലപ്പ്മെന്റ് കോംപ്ലെക്സ് എന്നാകും പേരെന്നാണ് സൂചന.
പഴയ കാർത്തികപ്പള്ളി താലൂക്ക് ഓഫീസ് നിർമ്മാണ പ്രവർത്തനത്തിന് റവന്യു അധികൃതരിൽ നിന്നും ഹൗസിംഗ് ബോർഡ് ഏറ്റെടുക്കുകയായിരുന്നു. പണത്തിന് നബാർഡിൽ നിന്നുള്ള വായ്പയാണ് തേടിയിരുന്നത്. നബാർഡിൽ നിന്നും കാർഷിക വായ്പയെ ലഭിക്കുകയുള്ളു എന്ന സാഹചര്യത്തിൽ അഗ്രികൾച്ചർമാർക്കറ്റിംഗ് ഡവലപ്പ്മെന്റ് കോംപ്ലക്സ് ' എന്ന പേരിലാണ് ഹൗസിംഗ് ബോർഡ് നിർമ്മാണത്തിന് വായ്പ തരപ്പെടുത്തിയത്. 20 കോടി രൂപയാണ് നിർമ്മാണത്തിനായി വായ്പയെടുത്തത്. ഏഴ് നിലകളിലായാണ് കെട്ടിടം നിർമ്മാണം പൂർത്തിയായത്. അഗ്രികൾച്ചർ മാർക്കറ്റിംഗ് ഡെവലപ്പ്മെന്റ് കോംപ്ലക്സ് എന്ന് റവന്യു ടവറിന് പേരിടേണ്ടി വരാനാണ് സാധ്യതയെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. വിവിധ സാംസ്ക്കാരിക നായകന്മാരുടെ പേര് നൽകണമെന്ന് ഇതിനിടെ പല രാഷ്ട്രീയ കക്ഷികളും ആവശ്യമുന്നയിച്ച് രംഗത്തുണ്ട്.
..........................
അഗ്നിശമന വിഭാഗത്തിന്റെ അനുമതി നീണ്ടുപോയതാണ് ഇത് വരെ റവന്യു ടവറിന് കെട്ടിടം കൈമാറാൻ തടസമായതെന്ന് ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പ്രസാദ് പറഞ്ഞു.
ഫയർഫോഴ്സിൽ നിന്നും എൻ.ഒ.സി സർട്ടിഫിക്കറ്റ് ലഭിച്ചെന്നും ഒരാഴ്ചയ്ക്കുള്ളിൽ കെട്ടിടം കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വിവിധ ഓഫീസുകൾക്ക് കെട്ടിടത്തിൽ പ്രവേശനാനുമതി നൽകേണ്ട ചുമതല സർക്കാരിനുള്ളതാണ്. ബോർഡിന് നിർമ്മാണ ചുമതല മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
റവന്യൂ ടവർ
താലൂക്ക് ഓഫീസ് ഉൾപ്പെടെ ഹരിപ്പാട്ടെ വിവിധ സർക്കാർ സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് റവന്യൂ ടവർ നിർമ്മിച്ചത്. 250 പേർക്ക് ഇരിക്കാവുന്ന മിനി കോൺഫറൻസ് ഹാളും റവന്യൂടവറിലുണ്ട്. 24ഓളം ഓഫീസുകളാണ് റവന്യൂടവറിൽ പ്രവർത്തിക്കേണ്ടത്. നബാർഡിൽ നിന്നും 20 കോടി രൂപ വായ്പ എടുത്താണ് കെട്ടിടം നിർമ്മിച്ചത്.
20
20 കോടി രൂപയാണ് നിർമ്മാണത്തിനായി വായ്പയെടുത്തത്.
7
ഏഴ് നിലകളിലായാണ് കെട്ടിടം നിർമ്മാണം പൂർത്തിയായത്.